'ആ പ്രഖ്യാപനത്തിന് പിന്നില്‍ ശക്തമായ കാരണമുണ്ട്' ; രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയർത്തിക്കാട്ടിയതിനെ ന്യായീകരിച്ച് സ്റ്റാലിന്‍ 

മൂന്നു സംസ്ഥാനങ്ങളിലെ ബിജെപിയുടെ കോട്ട തകര്‍ത്തതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസ് അധ്യക്ഷനുള്ളതാണ്
'ആ പ്രഖ്യാപനത്തിന് പിന്നില്‍ ശക്തമായ കാരണമുണ്ട്' ; രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയർത്തിക്കാട്ടിയതിനെ ന്യായീകരിച്ച് സ്റ്റാലിന്‍ 


ചെന്നൈ : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ തീരുമാനത്തെ ന്യായീകരിച്ച് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍. രാഹുലിനെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയാക്കിയതില്‍ ടിഡിപി, തൃണമൂല്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് എതിര്‍പ്പുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, പ്രഖ്യാപനത്തെ സ്റ്റാലിന്‍ ന്യായീകരിച്ചത്. 

മൂന്നു സംസ്ഥാനങ്ങളിലെ ബിജെപിയുടെ കോട്ടതകര്‍ത്തതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസ് അധ്യക്ഷനുള്ളതാണ്. മതേതര ശക്തികളുടെ കൂട്ടുചേരലിന് രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നതാണ് ശരിയായ നടപടിയെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. 

ബിജെപി ഭരണത്തില്‍ ഇരുണ്ട ഇന്ത്യയെ പ്രകാശത്തിലേക്ക് നയിക്കാന്‍ രാഹുലിന്റെ കരങ്ങള്‍ക്ക് ശക്തി പകരുകയാണ് വേണ്ടത്. ജനാധിപത്യ ശക്തികളെ ഒരുമിപ്പിക്കാന്‍ കരുത്തുറ്റ നേതൃത്വം അനിവാര്യമാണ്. അതിനാലാണ് താന്‍ രാഹുലിനെ ഉയര്‍ത്തിക്കാട്ടിയത്. രാജ്യത്ത് നിന്നും വര്‍ഗീയത ഉന്മൂലനം ചെയ്യാനും, ജനാധിപത്യം തിരികെ കൊണ്ടുവരാനും രാഹുലിന്റെ കൈകള്‍ക്ക് ശക്തി നല്‍കുകയാണ് വേണ്ടതെന്നും സ്റ്റാലിന്‍ പറഞ്ഞു. 

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന കരുണാനിധിയുടെ പ്രതിമ അനാച്ഛാദന പരിപാടിയിലാണ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതായി എം കെ സ്റ്റാലിന്‍ പറഞ്ഞത്.  ബിജെപി വിരുദ്ധ മുന്നണിക്കായുള്ള പ്രവര്‍ത്തനത്തില്‍ വളരെ നിര്‍ണ്ണായക പങ്കാളിത്തമുള്ള തെലുഗു ദേശം പാര്‍ട്ടി നേതാവും  ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും ഈ സമയം വേദിയില്‍ ഉണ്ടായിരുന്നു.   

എന്നാല്‍ സ്റ്റാലിന്റെ പ്രഖ്യാപനത്തോട് ചന്ദ്രബാബു നായിഡു പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ബിജെപി വിരുദ്ധ മുന്നണിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ നേതാവ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചല്ല ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധയെന്നും തെലുഗു ദേശം പാര്‍ട്ടി വക്താവ് വ്യക്തമാക്കി.

അതേസമയം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ നിര്‍ദ്ദേശിച്ച സ്റ്റാലിന്റെ നിലപാടിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഡിഎംകെ അധ്യക്ഷന്റെ പ്രഖ്യാപനം അപക്വമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാട്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രമാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള തീരുമാനം എടുക്കേണ്ടത്. ഇത്തരം പ്രഖ്യാപനങ്ങള്‍ പ്രതിപക്ഷ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതിന് കാരണമാകുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം പി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com