'മോദിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ ; കാർഷിക കടം എഴുതിത്തള്ളാതെ ഉറങ്ങാമെന്ന് വിചാരിക്കേണ്ട' : മുന്നറിയിപ്പുമായി രാഹുൽ​ഗാന്ധി

പണക്കാരുടെ വായ്പ എഴുതിത്തള്ളുന്ന മോദി നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നു
'മോദിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ ; കാർഷിക കടം എഴുതിത്തള്ളാതെ ഉറങ്ങാമെന്ന് വിചാരിക്കേണ്ട' : മുന്നറിയിപ്പുമായി രാഹുൽ​ഗാന്ധി

ന്യൂഡൽഹി : പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി വീണ്ടും.  കർഷകരുടെ വായ്പ എഴുതിത്തള്ളും വരെ മോദിയെ ഉറങ്ങാനോ വിശ്രമിക്കാനോ അനുവദിക്കുന്ന പ്രശ്നമില്ലെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.  നാലര വർഷം ഭരിച്ചിട്ടും കർഷകരുടെ ഒരു രൂപ പോലും ഇളവു ചെയ്യാൻ മോദി തയാറായില്ല. മോദിക്ക് ഇനി ഉറക്കമില്ലാത്ത നാളുകളാണ്. മോദിയുടെ ഉറക്കം കെടുത്തുന്ന പ്രക്ഷോഭങ്ങളുമായി കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്നും രാഹുൽ വ്യക്തമാക്കി. 

 കർഷകരെ കൈവിട്ട് ഏതാനും വ്യവസായികളുടെ പോക്കറ്റിൽ കോടികൾ വച്ചുകൊടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇനി ഉറക്കമില്ലാത്ത നാളുകളാണ്. കർഷകർക്കൊപ്പം കോൺഗ്രസ് നിൽക്കും.  കർഷക വായ്പ എഴുതിത്തള്ളുന്നത് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യ പ്രചാരണ വിഷയമാക്കും. രണ്ടു സംസ്ഥാനങ്ങളിൽ അധികാരത്തിലേറി മണിക്കൂറുകൾക്കകം കോൺഗ്രസ് സർക്കാർ കർഷകരുടെ വായ്പ ഇളവു ചെയ്തു. പണക്കാരുടെ വായ്പ എഴുതിത്തള്ളുന്ന മോദി നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നുവെന്നും രാഹുൽ പറഞ്ഞു.

രാജ്യത്ത് രണ്ടുതരം ഹിന്ദുസ്ഥാനികളെയാണ് മോദി സൃഷ്ടിച്ചത്. ഒന്ന് ധനാഢ്യരായ വ്യവസായികളായ ഹിന്ദുസ്ഥാനികൾ. മറ്റൊന്ന് കർഷകരും ദരിദ്രരും യുവാക്കളും ചെറുകിടക്കാരും അടങ്ങുന്ന ഹിന്ദുസ്ഥാനികളെയുമാണ് കേന്ദ്രസർക്കാർ സൃഷ്ടിച്ചതെന്ന് രാഹുൽ ആരോപിച്ചു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തിങ്കളാഴ്ച അധികാരമേറ്റ കോൺഗ്രസ് മുഖ്യമന്ത്രിമാർ സംസ്ഥാനങ്ങളിലെ കാർഷിക കടങ്ങൾ എഴുതിത്തള്ളിയിരുന്നു.  ഈ രണ്ടു സംസ്ഥാനങ്ങളിലെയും നടപടി കേന്ദ്ര സർക്കാർ മാതൃകയാക്കണമെന്നും രാഹുൽ ചൂണ്ടിക്കാട്ടി. 

1984ലെ സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ഈ വിഷയത്തിൽ നേരത്തേ നിലപാട് വ്യക്തമാക്കിയതാണെന്ന് രാഹുൽ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com