ഇനി ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാനാവുക അടുത്ത ബന്ധുക്കള്‍ക്ക് മാത്രം; നിയമം ലംഘിച്ചാല്‍ അഞ്ച് വര്‍ഷം തടവ്;  5 ലക്ഷം പിഴ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 20th December 2018 05:05 AM  |  

Last Updated: 20th December 2018 05:05 AM  |   A+A-   |  

 

ന്യൂഡല്‍ഹി: വാടക ഗര്‍ഭധാരണത്തിന് രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന ബില്‍ ലോക് സഭ പാസാക്കി. ബില്‍ ചരിത്രപരമാണെന്ന് ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് പരോപകാരാര്‍ഥമുള്ള പ്രവൃത്തിയെന്നാണ് ബില്ലില്‍ (സറോഗസി (റെഗുലേഷന്‍) ബില്‍2016) വിശേഷിപ്പിക്കുന്നത്. ഗര്‍ഭകാലത്തും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമോ പാരിതോഷികങ്ങളോ വാങ്ങാന്‍ പാടില്ല.

നിയമത്തിന്റെ അഭാവത്തില്‍ കുറഞ്ഞ ചെലവില്‍ വാടകഗര്‍ഭപാത്രം ലഭിക്കുന്ന നാടെന്ന പ്രചാരണം ഇന്ത്യയെ ചൂഷണകേന്ദ്രമാക്കി മാറ്റിയിരുന്നുവെന്ന് ആരോഗ്യമന്ത്രി ജ.പി. നഡ്ഡ സഭയില്‍ പറഞ്ഞു. ഇതിനായി വിദേശികള്‍ വന്‍തോതില്‍ ഇങ്ങോട്ടെത്തുന്നു. ഇതിന്റെ പേരില്‍ രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന അനീതികള്‍ അവസാനിപ്പിക്കാന്‍ ബില്ലിലെ വ്യവസ്ഥകള്‍ ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ബില്ലിലെ പ്രധാനവ്യവസ്ഥകള്‍

വാടകഗര്‍ഭപാത്രത്തിന് അപേക്ഷിക്കുന്ന ദമ്പതികളില്‍ ഭാര്യയുടെ പ്രായപരിധി 23-50 ആകണം. 26-55 ആണ് ഭര്‍ത്താവിന്റെ പ്രായപരിധി. അടുത്ത ബന്ധുവായ സ്ത്രീയ്ക്ക് മാത്രമെ ഇനി ഗര്‍ഭപാത്രം നല്‍കാനാവൂ.സത്രീ വിവാഹിതയും ആരോഗ്യമുള്ള കുഞ്ഞിന്റെ അമ്മയും ആയിരിക്കണം. ഒരു സ്ത്രീക്ക് ഒരു തവണ മാത്രമെ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാനാവൂ. വിദേശ ഇന്ത്യക്കാര്‍ , ഇന്ത്യന്‍ വംശജര്‍, വിദേശികള്‍ എന്നിവര്‍ രാജ്യത്ത് വാടക ഗര്‍ഭധാരണം വഴി മാതാപിതാക്കളാകുന്നതിനും വിലക്കുണ്ട്.

ഒന്നിച്ചുജീവിക്കുന്ന സ്ത്രീയും പുരുഷനും, ഏകരക്ഷിതാവ്, സ്വവര്‍ഗരതിക്കാര്‍, എന്നിവര്‍ വാടക ഗര്‍ഭധാരണം ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. വാടക ഗര്‍ഭധാരണം മൂലമുള്ള പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് അതിന് വിധേയമാകുന്ന സ്ത്രീയെ അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ ബോധവത്കിക്കണം. വാണിജ്യ താത്പര്യങ്ങള്‍ക്കായി വാടക ഗര്‍ഭധാരണം വാഗ്ദാനം ചെയ്യുന്ന അനധികൃത ക്ലിനിക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് ചുരുങ്ങിയത് അഞ്ച് വര്‍ഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും