പൊലീസുകാരന്റെ ജീവനേക്കാള്‍ പ്രധാനം പശുവിന്റെ മരണം: നസീറുദ്ദീൻ ഷായുടെ പരാമർശത്തിൽ പ്രതിഷേധം; ഷാ പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കി 

ബുലന്ദ്ശഹറില്‍ പശുക്കളെ കൊന്നൊടുക്കിയതിനെത്തുടര്‍ന്ന് ഉണ്ടായ ആക്രമണത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് നസീറുദ്ദീൻ ഷാ നടത്തിയ പരാമർശമാണ് വിവാദമായത്
പൊലീസുകാരന്റെ ജീവനേക്കാള്‍ പ്രധാനം പശുവിന്റെ മരണം: നസീറുദ്ദീൻ ഷായുടെ പരാമർശത്തിൽ പ്രതിഷേധം; ഷാ പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കി 

അജ്മീര്‍: പൊലീസുകാരന്റെ ജീവനേക്കാള്‍ പ്രധാനം പശുവിന്റെ മരണമാണെന്ന പരാമര്‍ശം വിവാദമായതിനു പിന്നാലെ നടന്‍ നസീറുദ്ദീൻ ഷാ അജ്മീറിൽ പങ്കെടുക്കുമെന്നറിയിച്ചിരുന്ന പരിപാടി സംഘാടകർ റദ്ദാക്കി. ബുലന്ദ്ശഹറില്‍ പശുക്കളെ കൊന്നൊടുക്കിയതിനെത്തുടര്‍ന്ന് ഉണ്ടായ ആക്രമണത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് നസീറുദ്ദീൻ ഷാ നടത്തിയ പരാമർശമാണ് വിവാദമായത്. വിവാദത്തിന് പിന്നാലെ വലത് സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. 

അജ്മീർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യപ്രഭാഷണം നടത്തേണ്ടിയിരുന്നത് നസീറുദ്ദീൻ ഷാ ആയിരുന്നു. എന്നാൽ വിവാദത്തെതുടർന്ന് പ്രതിഷേധക്കാർ‌ പരിപാടിയുടെ വേദിക്ക് നേരെ കല്ലെറിയുകയും ഷായുടെ പോസ്റ്ററിൽ മഴി പുരട്ടുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കേണ്ടിയിരുന്ന പരിപാടിക്ക് ഷാ രാവിലെ 11:30ന് അജ്മീറിൽ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെതുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.

ഷായുടെ സുരക്ഷയെ കരുതിയാണ് പരിപാടി പിൻവലിച്ചതെന്ന് സംഘാടകർ അറിയിച്ചു. എന്നാൽ അജ്മീറിൽ താൻ പഠിച്ച സ്കൂളിൽ സന്ദർശനം നടത്തിയ ഷാ അവിടെ വീണ്ടും തന്റെ പ്രസ്താവനയെ ശരിവച്ച് സംസാരിച്ചു. ആശങ്കാകുലനായ ഇന്ത്യാക്കാരൻ എന്ന നിലയിലാണ് താൻ പ്രതികരിച്ചതെന്നും അത് തന്റെ അഭിപ്രായ സ്വാതന്ത്ര്യമാണെന്നും ഷാ പറഞ്ഞു. 

 ‘കാർവാനെ മുഹബ്ബത്ത്​ ഇന്ത്യ’യുമായി നടത്തിയ വിഡിയോ അഭിമുഖത്തിൽ സംസാരിക്കവെയാണ് ഷാ ബുലന്ദ്ഷെഹർ കൊലപപാതക കേസിനേക്കുറിച്ച് പരാമർശിച്ചത്.

'എനിക്കെന്റെ മക്കളെ കുറിച്ചോര്‍ക്കുമ്പോള്‍ ഭയമുണ്ട്. എന്റെ മക്കൾക്ക്​ മത വിദ്യാഭ്യാസം നൽകിയിട്ടില്ല. ഞാൻ കുട്ടിക്കാലത്ത്​ പഠിച്ചതേയുള്ളൂ. ഭാര്യ രത്​ന, സ്വതന്ത്ര ചിന്താഗതിയുള്ള കുടുംബത്തിൽനിന്നാണ്​. അവർക്കും മതമില്ല. നാളെ മക്കളെ ആൾക്കൂട്ടം വളഞ്ഞ്​ അവരുടെ മതമേതെന്ന്​ ചോദിച്ചാൽ അവർക്ക്​ ഉത്തരമുണ്ടാകില്ല. വിഷം നാടാകെ പരന്നുകഴിഞ്ഞു. ഇനി ‘ജിന്നി’നെ കുപ്പിയിൽ തിരിച്ചുകയറ്റാനാകില്ല. നിയമം കൈയിലെടുക്കുന്നവർക്ക്​ പൂർണ സംരക്ഷണമാണ്​ നൽകുന്നത്​. അടുത്തകാലത്തൊന്നും നേരെയാവില്ല. അത്രകണ്ട്​ വ്യാപിച്ചിട്ടുണ്ട്​. ഇന്നു നിയമം കൈയിലെടുക്കാന്‍ പലരേയും പ്രേരിപ്പിക്കുന്ന ഘടകം അവര്‍ക്കൊന്നും ശിക്ഷാഭീതിയില്ല എന്നതാണ്. ഇന്നിപ്പോള്‍ രാജ്യത്ത് ഒരു പോലീസ് ഓഫീസര്‍ മരണപ്പെടുന്നതിനേക്കാള്‍ വലുതാണ് ഒരു പശുവിന്റെ നിര്യാണം', ഇതായിരുന്നു അഭിമുഖത്തിലെ ഷായുടെ വാക്കുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com