ഹനുമാന്‍ ദളിതനോ, മുസ്ലിമോ അല്ല; ജാട്ട് സമുദായക്കാരനാണ് ; പുതിയ വാദവുമായി ബിജെപി മന്ത്രി (വീഡിയോ )

കഷ്ടത അനുഭവിക്കുന്ന ഒരാളെ കണ്ടാല്‍ 'ജാട്ട് സമുദായം, അത് അറിയാത്ത ആളാണെങ്കില്‍ പോലും അയാളെ സഹായിക്കാന്‍ ചാടി പുറപ്പെടും
ഹനുമാന്‍ ദളിതനോ, മുസ്ലിമോ അല്ല; ജാട്ട് സമുദായക്കാരനാണ് ; പുതിയ വാദവുമായി ബിജെപി മന്ത്രി (വീഡിയോ )


ലക്‌നൗ: ഹനുമാന്‍ ഏതു സമുദായക്കാരനാണെന്നതിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ ഉത്തര്‍പ്രദേശില്‍ ദിനംപ്രതി കത്തുകയാണ്. ഇപ്പോള്‍ ഹനുമാന്‍ ദളിതനോ, മുസ്ലിമോ അല്ല, ജാട്ട് സമുദായക്കാരനാണെന്നാണ് ബിജെപി മന്ത്രി അഭിപ്രായപ്പെടുന്നത്. ഉത്തര്‍പ്രദേശ് മതകാര്യമന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരിയാണ് പുതിയ വാദവുമായി രംഗത്തെത്തിയത്. 

ഹനുമാന്‍ ജാട്ട് സമുദായക്കാരനാകാന്‍ കാരണവും മന്ത്രി വിശദീകരിക്കുന്നു. കഷ്ടത അനുഭവിക്കുന്ന ഒരാളെ കണ്ടാല്‍ 'ജാട്ട് സമുദായം, അത് അറിയാത്ത ആളാണെങ്കില്‍ പോലും അയാളെ സഹായിക്കാന്‍ ചാടി പുറപ്പെടും. അനീതി എവിടെ കണ്ടാലും, അറിയാത്ത ആള്‍ക്കെതിരെയാണെങ്കിലും അവര്‍ പ്രതികരിക്കും. ഇതുപോലെയാണ് രാവണന്‍ അപഹരിച്ച സീതയെ കണ്ടെത്താനായി ഹനുമാന്‍ പ്രശ്‌നത്തില്‍ ചാടിപുറപ്പെട്ടത്. ഹനുമാന്റെ ഈ പ്രവൃത്തി ജാട്ടുകാരുടെ പ്രവൃത്തിയുമായി സാമ്യമുള്ളത് കൊണ്ടാണ് ഹനുമാന്‍ ജാട്ട് ആണെന്ന് താന്‍ പറയുന്നതെന്ന് ലക്ഷ്മി നാരായണന്‍ വിശദീകരിക്കുന്നു. 

കഴിഞ്ഞ ദിവസം ഹനുമാന്‍ മുസ്‌ലീമായിരുന്നെന്ന വാദവുമായി ഉത്തര്‍പ്രദേശിലെ മറ്റൊരു ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. സമാജ്‌വാജി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബുക്കല്‍ നവാബാണ് ഹനുമാന്‍ മുസ്ലിമാണെന്ന വാദം ഉന്നയിച്ചത്. റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, സിഷാന്‍, ഖുര്‍ബാന്‍ തുടങ്ങിയ പേരുകള്‍ക്ക് ഹനുമാന്റെ പേരുമായി സാമ്യമുണ്ടെന്നും ഈ പേരുകളെല്ലാം ഉരുത്തിരിഞ്ഞത് ഹനുമാനില്‍ നിന്നാണെന്നും ബുക്കല്‍ നവാബ് പറഞ്ഞു.

രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ഹനുമാന്‍ ദളിതനാണെന്ന് പറഞ്ഞ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്, ഹനുമാന്റെ ജാതി ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.  പ്രസ്താവന വിവാദമായെങ്കിലും പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഹനുമാന്റെ ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഏതാനും ദളിത് സംഘടനകള്‍ യുപി സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com