സൊറാബുദ്ദീനെ വധിച്ചില്ലായിരുന്നെങ്കില്‍ മോദിയെ പാകിസ്ഥാന്‍ കൊലപ്പെടുത്തിയേനെ; ഏറ്റുമുട്ടല്‍ കൊലയെ ന്യായീകരിച്ച് വന്‍സാര

പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഗുജറാത്ത് പൊലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിരുന്നു
സൊറാബുദ്ദീനെ വധിച്ചില്ലായിരുന്നെങ്കില്‍ മോദിയെ പാകിസ്ഥാന്‍ കൊലപ്പെടുത്തിയേനെ; ഏറ്റുമുട്ടല്‍ കൊലയെ ന്യായീകരിച്ച് വന്‍സാര

അഹമ്മദാബാദ് : സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യയെയും കൂട്ടാളിയെയും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാര. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ഏറ്റുമുട്ടലില്‍ ഇവരെ വധിച്ചില്ലായിരുന്നെങ്കില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ പാകിസ്ഥാന്‍ വധിക്കുമായിരുന്നു എന്നും വന്‍സാര പറഞ്ഞു. കേസില്‍ പ്രതിയായിരുന്ന വന്‍സാരയെ പിന്നീട് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെതിരായ നടപടി സത്യസന്ധമാണ്. പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഗുജറാത്ത് പൊലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതനുസരിച്ച് ഉടന്‍ കടുത്ത നടപടിയിലേക്ക് നീങ്ങുകയായിരുന്നു. അല്ലെങ്കില്‍ അവര്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കുമായിരുന്നു. 

ആ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മോദിയുടെ ജീവന്‍ രക്ഷിക്കുക അതീവദുഷ്‌കരമാകുമായിരുന്നു. മോദിയെ വധിച്ച് ഗുജറാത്തിനെ കശ്മീര്‍ പോലെ കലാപകലുഷിതമാക്കുകയായിരുന്നു പാകിസ്ഥാന്റെ ലക്ഷ്യമെന്നും വന്‍സാര പറഞ്ഞു. പൊലീസ് നടപടിയെ വ്യാജഏറ്റുമുട്ടലായി ചിത്രീകരിക്കുന്നത് ദേശവിരുദ്ധ ശക്തികളാണ്. ഇത് ഭീകരരെ സഹായിക്കാനും, രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ പോരാടുന്ന പൊലീസ് ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കാനും വേണ്ടിയാണെന്നും വന്‍സാര കുറ്റപ്പെടുത്തി. 

സൊഹ്‌റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള സിബിഐ കോടതി വിധിയോടെ പൊലീസ് നടപടി ശരിയെന്ന് തെളിഞ്ഞുവെന്നും വന്‍സാര പറഞ്ഞു. യുപിഎ ഭരണകാലത്ത് ബിജെപി സര്‍ക്കാരുമായുള്ള രാഷ്ട്രീയപോരിന്റെ ഭാഗമായി ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരെ ബലിയാടാക്കുകയായിരുന്നു. രാഷ്ട്രീയകാരണങ്ങളാല്‍ ഒമ്പതു വര്‍ഷമാണ് താന്‍ ജയിലഴികള്‍ക്കുള്ളിലായത്. എന്തായാലും സത്യം തെളിഞ്ഞതായും വന്‍സാര വ്യക്തമാക്കി. 

സൊഹ്രാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വെള്ളിയാഴ്ചയാണ് മുംബൈയിലെ പ്രത്യേക സിബിഐ കോടതി 22 പ്രതികളെയും കുറ്റവിമുക്തരാക്കിയത്. മൂന്നുതവണ അന്വേഷിച്ചിട്ടും സിബിഐക്ക് ഗൂഢാലോചനയ്ക്ക് തെളിവ് കണ്ടെത്താനായില്ലെന്ന് കോടതി വിധിച്ചു. കേസില്‍ ഡിജി വന്‍സാരയും ഗുജറാത്ത് ആഭ്യന്തരമന്ത്രിയും ഇപ്പോഴത്തെ ബിജെപി അദ്യക്ഷനുമായ അമിത് ഷാ, ഇന്നത്തെ രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കടാരിയ തുടങ്ങിയവരെ നേരത്തെ തന്നെ കുറ്റവിമുക്തരാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com