റഫാല്‍ ഇടപാടിന്റെ പേരില്‍ മോദിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു ; അസുഖബാധിതനായിട്ടും പരീക്കര്‍ മുഖ്യമന്ത്രിയായി തുടരുന്നത് അതുകൊണ്ടെന്ന് ജയ്പാല്‍ റെഡ്ഡി

റഫാല്‍ വിമാന ഇടപാടില്‍ വന്‍ ക്രമക്കേടാണ് നടന്നത്. ഇടപാടില്‍ പൊതുഖജനാവിന് 41,000 കോടിയുടെ നഷ്ടമാണ് ഉണ്ടായത് 
റഫാല്‍ ഇടപാടിന്റെ പേരില്‍ മോദിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു ; അസുഖബാധിതനായിട്ടും പരീക്കര്‍ മുഖ്യമന്ത്രിയായി തുടരുന്നത് അതുകൊണ്ടെന്ന് ജയ്പാല്‍ റെഡ്ഡി


പനാജി : റഫാല്‍ ഇടപാടിന്റെ പേരില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന് കോണ്‍ഗ്രസ്. അസുഖബാധിതനായിട്ടും പരീക്കര്‍ മുഖ്യമന്ത്രി പദത്തില്‍ തുടരുന്നത് ഇതുകൊണ്ടാണ്. ഗോവയില്‍ ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ മറ്റൊരു നേതാവും ഇല്ലേയെന്നും കോണ്‍ഗ്രസ് നേതാവ് എസ് ജയ്പാല്‍ റെഡ്ഡി ചോദിച്ചു. കോണ്‍ഗ്രസ് മര്‍ഗോവയില്‍ സംഘടിപ്പിച്ച ജന്‍ ആക്രോശ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഫാല്‍ ഇടപാട് നടക്കുമ്പോള്‍ പരീക്കര്‍ ആയിരുന്നു പ്രതിരോധമന്ത്രി. അതുകൊണ്ടുതന്നെ കരാറിലെ ഇടപാടുകള്‍ അദ്ദേഹത്തിന് അറിയാം. അക്കാരണം കൊണ്ടാണ് അധികാരക്കസേരയില്‍ പരീക്കര്‍ അള്ളിപ്പിടിച്ചിരിക്കുന്നതെന്നും ജയ്പാല്‍ റെഡ്ഡി പറഞ്ഞു. ഇങ്ങനെ തുടരാന്‍ പരീക്കര്‍ക്ക് ധാര്‍മ്മികതയില്ലേയെന്നും ജയ്പാല്‍ റെഡ്ഡി ചോദിച്ചു. 

മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയവരേക്കാള്‍ മഹാനാണോ മനോഹര്‍ പരീക്കര്‍ എന്നും ജയ്പാല്‍ റെഡ്ഡി ചോദിച്ചു. രാജ്യത്ത് മഹാത്മാഗാന്ധിയേക്കാള്‍ മഹാനായ ഒരേയൊരാളേ ഉള്ളൂ. അത് ശ്രീബുദ്ധനാണ്. ഗാന്ധിയുടെ വധത്തിന് ശേഷവും രാജ്യം  മുന്നോട്ടുപോകുന്നുണ്ട്. 

റഫാല്‍ വിമാന ഇടപാടില്‍ വന്‍ ക്രമക്കേടാണ് നടന്നത്. ഇടപാടില്‍ പൊതുഖജനാവിന് 41,000 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. സാങ്കേതിക വിദ്യ കൈമാറ്റത്തിന് കരാറില്‍ വ്യവസ്ഥയില്ല എന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com