കേന്ദ്രസര്‍ക്കാരിന്റെ കംപ്യൂട്ടര്‍ ഡേറ്റ നിരീക്ഷണ ഉത്തരവിനെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി

അഭിഭാഷകനായ എംഎല്‍ ശര്‍മ്മയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്
കേന്ദ്രസര്‍ക്കാരിന്റെ കംപ്യൂട്ടര്‍ ഡേറ്റ നിരീക്ഷണ ഉത്തരവിനെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി : രാജ്യത്തെ കംപ്യൂട്ടര്‍ ഡേറ്റ നിരീക്ഷിക്കാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ എംഎല്‍ ശര്‍മ്മയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. 

രാജ്യത്തെ കംപ്യൂട്ടറുകളിലുള്ള ഏതു ഡേറ്റയും പരിശോധിക്കുന്നതിന് പത്ത് ഏജന്‍സികളെ ചുമതലപ്പെടുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. കംപ്യൂട്ടറുകളിലൂടെ കൈമാറിയതോ സൂക്ഷിച്ചിട്ടുള്ളതോ ആയ ഏത് ഡേറ്റയും നിരീക്ഷിക്കാനും പരിശോധിക്കാനും ഡിക്രിപ്റ്റ് ചെയ്യാനും ഈ ഏജന്‍സികള്‍ക്ക് അധികാരമുണ്ടെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഇന്റലിജന്‍സ് ബ്യൂറോ, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ്, സിബിഐ, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, കാബിനറ്റ് സെക്രട്ടേറിയറ്റ് (റോ), ഡയറക്ടറേറ്റ് ഒഫ് സിഗ്നല്‍ ഇന്റലിജന്‍സ്, ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എന്നിവരാണ് ചുമതലപ്പെടുത്തപ്പെട്ട ഏജന്‍സികള്‍.

ഇന്റര്‍നെറ്റ് വരിക്കാര്‍, സര്‍വീസ് പ്രോവൈഡര്‍, കംപ്യൂട്ടര്‍ മാനേജ് ചെയ്യുന്നയാള്‍ എന്നിവര്‍ ഈ ഏജന്‍സികള്‍ക്ക് പരിശോധനയ്ക്ക് സൗകര്യമൊരുക്കണം. ഇതു ചെയ്യാത്തപക്ഷം ഏഴു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമായി കണക്കാക്കും. ഐടി വകുപ്പിലെ 69 (1) വകുപ്പ് അനുസരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുള്ളത്.

അനാവശ്യ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയതിന് നേരത്തെ ശര്‍മ്മയ്ക്ക് സുപ്രിംകോടതി പിഴയിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com