ബിജെപിക്ക് തിരിച്ചടി ; രഥയാത്ര തടഞ്ഞതിനെതിരായ ഹര്‍ജി അടിയന്തിരമായി വാദം കേള്‍ക്കില്ലെന്ന് സുപ്രിംകോടതി

ക്രിസ്മസ് അവധിക്ക് ശേഷം മാത്രമേ ഹര്‍ജി പരിഗണിക്കൂവെന്ന് സുപ്രിംകോടതി രജിസ്ട്രാര്‍ അറിയിച്ചു
ബിജെപിക്ക് തിരിച്ചടി ; രഥയാത്ര തടഞ്ഞതിനെതിരായ ഹര്‍ജി അടിയന്തിരമായി വാദം കേള്‍ക്കില്ലെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി : പശ്ചിമബംഗാളിലെ രഥയാത്ര വിഷയത്തില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. രഥയാത്ര തടഞ്ഞുകൊണ്ടുള്ള കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി വേഗം പരിഗണിക്കണമെന്ന ബിജെപിയുടെ ആവശ്യം സുപ്രിംകോടതി തള്ളി.  ക്രിസ്മസ് അവധിക്ക് ശേഷം മാത്രമേ ഹര്‍ജി പരിഗണിക്കൂവെന്ന് സുപ്രിംകോടതി രജിസ്ട്രാര്‍ അറിയിച്ചു. 

ഹര്‍ജി അടിയന്തരമായി വെക്കേഷന്‍ ബെഞ്ച് പരിഗണിക്കണമെന്നായിരുന്നു ബിജെപി ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം രജിസ്ട്രാര്‍ നിരസിക്കുകയായിരുന്നു. ബിജെപിക്ക് വേണ്ടി ഇ സി അഗ്രവാലയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. 

പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം മൂലമാണ് രഥയാത്രക്ക് അനുമതി നിഷേധിച്ചതെന്ന് ബിജെപി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 2014 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളെ വേട്ടയാടുകയാണ്. തങ്ങള്‍ക്ക് സമാധാനപരമായി രാഷ്ട്രീയ പ്രചരണം നടത്താന്‍ അവകാശമുണ്ടെന്നും ബിജെപി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

പശ്ചിമബംഗാളില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ രഥയാത്രയ്ക്ക് അനുമതി നല്‍കിയ കൊൽക്കത്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കുകയായിരുന്നു. കേസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടു കൂടി പരിഗണിച്ച് വീണ്ടും സിംഗിള്‍ ബെഞ്ച് പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നിര്‍ദേശിച്ചു. 

രഥയാത്രക്ക് അനുമതി കൊടുക്കുന്നത് മൂലം സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. സിംഗിള്‍ ബെഞ്ച് ആദ്യം ഈ ഉത്തരവു ശരിവച്ചിരുന്നു. എന്നാല്‍ ബിജെപി വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്നാണ്  രഥയാത്രക്ക് അനുമതി നിഷേധിക്കാന്‍ മതിയായ കാരണമില്ലെന്ന് വിലയിരുത്തി സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയത്. 

യാത്ര ഓരോ ജില്ലയിലും പ്രവേശിക്കുന്നതിന് 12 മണിക്കൂര്‍ മുമ്പ്, ഹര്‍ജിക്കാരന്‍ ബന്ധപ്പെട്ട ജില്ലാ പൊലീസ് അധികാരികളെ യാത്ര ജില്ലയില്‍ പ്രവേശിക്കാന്‍ പോകുന്ന കാര്യം അറിയിക്കണം. യാത്ര സമാധാനപരമായാണ് പോകുന്നതെന്ന് പൊലീസ് കമ്മീഷണര്‍ ഉറപ്പാക്കണം തുടങ്ങിയ ഉപാധികളോടെയാണ് സിംഗിള്‍ ബെഞ്ച് യാത്രയ്ക്ക് അനുമതി നല്‍കിയത്. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

ലോക്‌സഭയിലേക്ക് 22 സീറ്റെങ്കിലും പിടിക്കുക എന്ന ലേേക്ഷ്യത്താടെയാണ് അമിത് ഷായുടെ നേതൃത്വത്തില്‍ രഥയാത്രക്ക് ബിജെപി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഒന്നര മാസത്തിനിടെ സംസ്ഥാനത്തെ 42 സീറ്റുകളിലും രഥയാത്ര കടന്നുപോകുമെന്നാണ് അറിയിച്ചിട്ടുള്ളത്. രഥയാത്രയുടെ സമാപനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിച്ച് കൊല്‍ക്കത്തയില്‍ വന്‍ റാലി നടത്താനും ബിജെപി പദ്ധതിയിടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com