'എങ്കില്‍ എന്തുകൊണ്ട് ശിവസേന സര്‍ക്കാരില്‍ നിന്നും മുന്നണിയില്‍ നിന്നും പോകുന്നില്ല ?'; ഉദ്ധവ് താക്കറെക്കെതിരെ ആര്‍എസ്എസ് പത്രം

പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട്, 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന ഉദ്ധവ് താക്കറെയുടെ പ്രസ്താവനയാണ് പത്രത്തിനെ ചൊടിപ്പിച്ചത്
'എങ്കില്‍ എന്തുകൊണ്ട് ശിവസേന സര്‍ക്കാരില്‍ നിന്നും മുന്നണിയില്‍ നിന്നും പോകുന്നില്ല ?'; ഉദ്ധവ് താക്കറെക്കെതിരെ ആര്‍എസ്എസ് പത്രം

നാഗ്പൂര്‍ : ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്ന ശിവസേനക്കെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ് പിന്തുണയുള്ള മറാത്തി പത്രം രംഗത്ത്. തരുണ്‍ഭാരത് എന്ന മറാത്തി ദിനപത്രമാണ് സേനയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട്, 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന ഉദ്ധവ് താക്കറെയുടെ പ്രസ്താവനയാണ് പത്രത്തിനെ ചൊടിപ്പിച്ചത്. 

ബിജെപിക്കും പ്രധാനമന്ത്രിക്കും എതിരെ അടുത്തകാലത്ത് കടുത്ത വിമര്‍ശനമാണ് ശിവസേന ഉയര്‍ത്തുന്നത്. മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബിജെപി സഖ്യ സര്‍ക്കാരിലും മുന്നണിയിലും പങ്കാളിയായാണ് സേന വിമര്‍ശനം തുടരുന്നതെന്ന് പത്രത്തിലെ എഡിറ്റോറിയലിൽ പറയുന്നു. മോദിയെ ലക്ഷ്യമിട്ട്, രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ് എന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രസ്താവന.

കാവല്‍ക്കാരന്‍ കള്ളനാണ് എന്ന് തോന്നുന്നുവെങ്കില്‍, ഉടന്‍ തന്നെ സേന സര്‍ക്കാരും മുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ ഉദ്ധവ് അതിന് തയ്യാറല്ല. അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുകയും, ഒരേസമയം സഖ്യകക്ഷിയെ വിമര്‍ശിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. ഈ പ്രസ്താവനയിലൂടെ ഉദ്ധവ് താക്കറെ, സ്വയവും, സ്വന്തം പാര്‍ട്ടി മന്ത്രിമാരെയും കള്ളന്മാരായി വിളിക്കുകയാണെന്ന് തരുണ്‍ ഭാരത് എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു. 

ബാല്‍ താക്കറെയുടെ ശിവസേനയും ഇപ്പോഴത്തെ ശിവസേനയും തമ്മിലുള്ള അന്തരമാണ് ഇത് കാണിക്കുന്നത്. പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചതിലൂടെ രാഹുല്‍ഗാന്ധിയുടെ പക്വതയില്ലായ്മയാണ് വെളിപ്പെട്ടത്. ഈ മുദ്രാവാക്യം ഏറ്റുപിടിച്ചതോടെ, ഉദ്ധവും പക്വതയില്ലെന്ന് തെളിയിച്ചു. ശിവസേന 2019 ലെ പൊതുതെരഞ്ഞെടുപ്പിനെ ഭയക്കുകയാണ്. അതുകൊണ്ടാണ് ഇപ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നതെന്നും എഡിറ്റോറിയല്‍ അഭിപ്രായപ്പെടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com