പോ നായേ, അടിച്ച് നിന്റെ തല പൊട്ടിക്കും; മാധ്യമ പ്രവര്‍ത്തകനോട് ആക്രോശിച്ച് നേതാവ് (വീഡിയോ)

ഈ ചോദ്യം ചോദിക്കാനായി ബിജെപി നേതാക്കള്‍ എത്ര പണം നല്‍കി-  പോ നായെ നിന്റെ തല ഞാന്‍ അടിച്ചുപൊട്ടിക്കും - മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് നേതാവ്‌ 
പോ നായേ, അടിച്ച് നിന്റെ തല പൊട്ടിക്കും; മാധ്യമ പ്രവര്‍ത്തകനോട് ആക്രോശിച്ച് നേതാവ് (വീഡിയോ)

ദിസ്പൂര്‍: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ അസമില്‍ കോണ്‍ഗ്രസുമായോ ബിജെപിയുമായോ സഖ്യമുണ്ടാക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നേരെ ആക്രോശിച്ച് ആള്‍ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക്ക് ഫ്രന്റ് (എഐയുഡിഎഫ്)നേതാവ് ബദറൂദ്ദീന്‍ അജ്മല്‍. കഴിഞ്ഞ ദിവസം ബദറൂദ്ദീന്‍ അജ്മല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ഈ ചോദ്യം ചോദിച്ചത്. ചോദ്യം കേട്ടപാടെ ക്ഷുഭിതനായ ഇദ്ദേഹം മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് തള്ളി മാറ്റുകയും തല്ലാന്‍ ഓങ്ങുകയും ചെയ്തു. പോ നായേ നിന്റെ തല അടിച്ചു ഞാന്‍ തല്ലിപ്പൊളിക്കും എന്ന് ആക്രോശിക്കുകയും ചെയ്തു.  

ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതിനായി ബിജെപി നേതാക്കള്‍ നിനക്ക് എത്ര രൂപയാണ് നല്‍കിയത്. കടന്നുപോ എന്നായിരുന്നു ബദറൂദ്ദീന്‍ അജ്മലിന്റെ വാക്കുകള്‍. പിന്നാലെ കൂടെയുണ്ടായിരുന്ന നേതാക്കള്‍ തന്നെ ബദറൂദ്ദീനെയും മാധ്യമപ്രവര്‍ത്തകരെയും അനുനയിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന് പിന്നാലെ ബദറുദ്ദീന് നേരെ മാധ്യമപ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്‍കി. 

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് നിര്‍ണായനീക്കം നടത്താന്‍ കഴിയുന്ന പാര്‍ട്ടിയാണ് എഐയുഡിഎഫ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ 13 ശതമാനം വോട്ടുകള്‍ ബദറൂദ്ദീന്റെ പാര്‍ട്ടികള്‍ നേടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അസമിലെ രാഷ്ട്രീയത്തില്‍ നിര്‍ണായനീക്കം നടത്താന്‍ ഈ പാര്‍ട്ടിക്ക് കഴിയുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. 

അതേസമയം എ.ഐ.യു.ഡി.എഫുമായി സഖ്യമുണ്ടാക്കുന്നതിനായി കോണ്‍ഗ്രസ് ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.യു.ഡി.എഫുമായി സഖ്യമുണ്ടാക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സാധ്യമായിരുന്നുവെങ്കില്‍ ബി.ജെ.പി അധികാരത്തില്‍ വരുന്നത് തടയാന്‍ കഴിയുമായിരുന്നെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. 14 ലോക്‌സഭാ സീറ്റുകളാണ് അസമിലുള്ളത്. അറബിക് ഭാഷയിലും ദൈവശാസ്ത്രത്തിലും  ബിരുദാനന്തരബിരുദത്തിന് തത്തുല്യമായ യോഗ്യത പൂര്‍ത്തിയാക്കിയ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ അഗാര്‍ തോട്ടത്തിന്റെ ഉടമയാണ്. 2,000 കോടിയുടെ പെര്‍ഫ്യൂം ബിസിനസുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com