സഖ്യകക്ഷികള്‍ വിട്ടുപോകുന്നതില്‍ ആശങ്കയില്ല ; 'പ്ലാന്‍ ബി' വെളിപ്പെടുത്തി ബിജെപി ജനറല്‍ സെക്രട്ടറി

കൂട്ടുകക്ഷി രാഷ്ട്രീയത്തില്‍ സഖ്യങ്ങളും വേര്‍പിരിയലും സാധാരണമാണ്
സഖ്യകക്ഷികള്‍ വിട്ടുപോകുന്നതില്‍ ആശങ്കയില്ല ; 'പ്ലാന്‍ ബി' വെളിപ്പെടുത്തി ബിജെപി ജനറല്‍ സെക്രട്ടറി

ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നു സംസ്ഥാനങ്ങളില്‍ തിരിച്ചടിയേറ്റതിന് പിന്നാലെ ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ കലഹം ശക്തമായി. മിക്ക സംസ്ഥാനത്തും കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി ഘടകകക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ എന്‍ഡിഎയില്‍ നിന്ന് ഏതാനും കക്ഷികള്‍ പുറത്തുപോകുകയും ചെയ്തിട്ടുണ്ട്. 

എന്നാല്‍ ഇതൊന്നും പാര്‍ട്ടിയെ ബാധിക്കില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാംമാധവ് പറഞ്ഞു. അടുത്ത പൊതുതെരഞ്ഞെടുപ്പിനെ നേരിടാനുള്ള റോഡ്മാപ്പ് തയ്യാറാക്കുന്ന തിരക്കിലാണ് ബിജെപിയെന്ന് അദ്ദേഹം പറഞ്ഞു. 

കൂട്ടുകക്ഷി രാഷ്ട്രീയത്തില്‍ സഖ്യങ്ങളും വേര്‍പിരിയലും സാധാരണമാണ്. ഉള്‍ക്കൊള്ളലും അഡ്ജസ്റ്റുമെന്റുമാണ് അതിന്റെ നയം. ബിജെപി അതിന് തയ്യാറാണ്. ഉപേന്ദ്ര കുശ്‌വാഹയുടേതുപോലെ ചെറിയ പാര്‍ട്ടികളാണ് മുന്നണി വിട്ടുപോയത്. ഇവര്‍ക്കു പകരം പുതിയ കക്ഷികളെ മുന്നണിയില്‍ ചേര്‍ക്കാന്‍ ശ്രമം നടക്കുന്നതായി രാം മാധവ് പറഞ്ഞു. 

ദക്ഷിണേന്ത്യ, കിഴക്കന്‍ ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നും പാര്‍ട്ടികളെ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്താനാണ് ബിജെപി പ്രധാനമായും ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള അണ്ണാഡിഎംകെ, രജനീകാന്തിന്റെ പാര്‍ട്ടി, തെലങ്കാനയില്‍ നിന്നും കെ ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസ്, ഒഡീഷയില്‍ നവീന്‍ പട്‌നായിക്കിന്റെ ബിജെഡി എന്നിവയെയാണ് ബിജെപി ലക്ഷ്യമിടുന്നത്. 

സീറ്റുതര്‍ക്കവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ എല്‍ജെപി പാര്‍ട്ടിയുമായുള്ള ഭിന്നത ബിജെപി കഴിഞ്ഞ ആഴ്ച പരിഹരിച്ചിരുന്നു. ഒരു ലോക്‌സഭ സീറ്റും ഒരു രാജ്യസഭ സീറ്റും അധികം നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്. യുപിയില്‍ അപ്‌നാദള്‍ ബിജെപിയുമായി ഉടക്കിലാണ്. അതേസമയം സീറ്റുവിഭജനത്തില്‍ പ്രതിഷേധിച്ചാണ് കുശ്‌വാഹയുടെ പാര്‍ട്ടി എന്‍ഡിഎ വിട്ടത്. 

പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ എന്‍ഡിഎയില്‍ നിന്നും മൂന്ന് പാര്‍ട്ടികളാണ് പുറത്തുപോയത്. ഉപേന്ദ്ര കുശ്‌വാഹയുടെ പാര്‍ട്ടിയെ കൂടാതെ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടി, കശ്മീരിലെ മെഹബൂബ മുഫ്തിയുടെ പിഡിപി എന്നിവയാണ് എന്‍ഡിഎ വിട്ടത്. മാര്‍ച്ചില്‍ തെലുഗുദേശം എന്‍ഡിഎ ബന്ധം വിച്ഛേദിച്ചപ്പോള്‍, ആഗസ്റ്റില്‍ ബിജെപിയാണ് പിഡിപി ബന്ധം ഉപേക്ഷിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com