മുംബൈയില്‍ ഫ്‌ലാറ്റ് സമുച്ചയത്തില്‍ തീപിടുത്തം; അഞ്ചു പേര്‍ മരിച്ചു 

വ്യാഴാഴ്ച വൈകിട്ട് എട്ടോടെയാണ് അപകടമുണ്ടാകുന്നത്
മുംബൈയില്‍ ഫ്‌ലാറ്റ് സമുച്ചയത്തില്‍ തീപിടുത്തം; അഞ്ചു പേര്‍ മരിച്ചു 

മുംബൈ; മുംബൈയിലെ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീ പിടുത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. വടക്ക് കിഴക്കന്‍ മുംബൈയിലെ തിലക് നഗറില്‍ 15 നില റെസിഡന്‍ഷ്യന്‍ കെട്ടിടത്തിലാണ് തീപിടിച്ചത്. തീ പൂര്‍ണമായി അണച്ചു. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി വരുന്നതേയുള്ളൂ എന്ന് അഗ്നിശമന സേന അറിയിച്ചു. ഇന്നലെ വൈകീട്ട് 7.45 നാണ് കെട്ടിടത്തിന് തീ പിടിച്ചത്. 

തിലക് നഗറിലുള്ള ഗണേഷ് ഗാര്‍ഡന്റെ സര്‍ഗം സൊസൈറ്റിയുടെ 14 ാം നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. തീ പടരുന്നത് കണ്ട് താമസക്കാര്‍ ഉടന്‍ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ പുറത്തേക്ക് വരാന്‍ കഴിയാതിരുന്നവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഭൂരിഭാഗവും പ്രായമായവരാണ്. മരിച്ച സുനിതാ ജോഷി (72), ബാലചന്ദ്ര ജോഷി (72), സുമന്‍ ജോഷി (83), സരള സുരേഷ് (52), ലക്ഷ്മിബെന്‍ പ്രേംജി (83) എന്നിവരെ തിരിച്ചറിഞ്ഞു. 

ഇവരുടെ അയല്‍വാസിയായിരുന്ന ഒരാള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി ഒരു അഗ്‌നിശമന സേനാ ഉദ്യോഗസ്ഥനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ  മറ്റു നിലകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അഗ്‌നിശമന സേനയുടെ 15 യൂണിറ്റ് ടാങ്കറുകളാണ് തീ അണയ്ക്കാന്‍ എത്തിയത്. ഫഌറ്റുകളിലെ പാചക വാതക സിലിണ്ടറുകള്‍ക്ക് തീ പിടിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. തീപിടുത്തത്തിന്റെ കാരണം ഇതു വരെ കണ്ടെത്തിയിട്ടില്ല. അടുത്തിടെ മുംബൈയിലുണ്ടാകുന്ന നാലാമത്തെ വമ്പന്‍ തീപിടിത്തം ആണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com