രാജ്യത്ത് ഇതുവരെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാത്ത രണ്ടു പ്രധാനമന്ത്രിമാര്‍ മാത്രം; ജന്മദിനത്തില്‍ കോണ്‍ഗ്രസിനെക്കുറിച്ച് ചില കൗതുകങ്ങള്‍

രാജ്യത്ത് ഇതുവരെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാത്ത രണ്ടു പ്രധാനമന്ത്രിമാര്‍ മാത്രം; ജന്മദിനത്തില്‍ കോണ്‍ഗ്രസിനെക്കുറിച്ച് ചില കൗതുകങ്ങള്‍
രാജ്യത്ത് ഇതുവരെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാത്ത രണ്ടു പ്രധാനമന്ത്രിമാര്‍ മാത്രം; ജന്മദിനത്തില്‍ കോണ്‍ഗ്രസിനെക്കുറിച്ച് ചില കൗതുകങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍  കോണ്‍ഗ്രസിന്റെ 134-ാം സ്ഥാപക ദിനം ഇന്ന്. ജന്മദിനത്തോട് അനുബന്ധിച്ച് രാജ്യവ്യാപകമായി വിവിധ പരിപാടികളാണ് പാര്‍ട്ടി സംഘടിപ്പിക്കുന്നത്.

ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് കേക്ക് മുറിച്ചാണ് ആഘോഷം നടത്തിയത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് കേക്കു മുറിച്ചത്. 

ജന്മദിനത്തില്‍ കോണ്‍ഗ്രസിനെക്കുറിച്ചുള്ള ചില കൗതുകങ്ങള്‍:

രാജ്യത്ത് ഇതുവരെയുണ്ടായ പ്രധാനമന്ത്രിമാരില്‍ രണ്ടുപേര്‍ ഒഴികെയുള്ളവര്‍ കോണ്‍ഗ്രസില്‍ അംഗങ്ങളായിരുന്നു. എബി വാജ്‌പേയിയും നരേന്ദ്രമോദിയുമാണ് കോണ്‍ഗ്രസില്‍ അംഗങ്ങള്‍ ആയിട്ടില്ലാത്ത പ്രധാനമന്ത്രിമാര്‍. 

ഏഴു പ്രധാനമന്ത്രിമാര്‍ കോണ്‍ഗ്രസില്‍നിന്നു തന്നെയാണ് പദവിയില്‍ എത്തിയത്. ആറു പേര്‍ കോണ്‍ഗ്രസ് വിട്ടതിനു ശേഷവും. ജവഹര്‍ലാല്‍ നെഹ്‌റു, ഗുല്‍സാരിലാല്‍ നന്ദ, ലാല്‍ബഹാദൂര്‍ ശാസ്ത്രി, ഇന്ദിര ഗാന്ധി, രാജിവ് ഗാ്ന്ധി, നരസിംഹ റാവു, മന്‍മോഹന്‍ സിങ്ങ് എന്നിവരാണ് കോണ്‍ഗ്രസുകാരായിരിക്കെ പ്രധാനമന്ത്രിപദത്തില്‍ എത്തിയത്. മൊറാര്‍ജി ദേശായി, ചരണ്‍ സിങ്, വിപി സിങ്, ചന്ദ്രശേഖര്‍, എച്ച്ഡി ദേവഗൗഡ, ഐകെ ഗുജ്‌റാള്‍ എന്നിവര്‍ മുന്‍ കോണ്‍ഗ്രസുകാരായും.

സ്വാതന്ത്ര്യത്തിനു ശേഷം 49 വര്‍ഷമാണ് കോണ്‍ഗ്രസ് രാജ്യം ഭരിച്ചത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ 49-ാം അധ്യക്ഷനുമാണ്.

കോണ്‍ഗ്രസിന് ഇതുവരെ അഞ്ച് വനിതാ പ്രസിഡന്റുമാരാണ് ഉണ്ടായിട്ടുള്ളത്. ആനി ബസന്റ്, സരോജിനി നായിഡു, നെല്ലി സെന്‍ഗുപ്ത, ഇന്ദിര ഗാ്ന്ധി, സോണിയ ഗാന്ധി എന്നിവര്‍.

എട്ടു മുസ്ലിംകള്‍ ഇതുവരെ പാര്‍ട്ടി അധ്യക്ഷപദത്തില്‍ എത്തി. ബദറുദ്ദീന്‍ ത്യാബ്ജി, റഹ്മത്തുള്ള സയാനി, നവാസ് യസിദ് മുഹമ്മദ് ബഹാദൂര്‍, സയിദ് ഹസന്‍ ഇമാം, ഹക്കിം അജമല്‍ ഖാന്‍, മുഹമ്മദ് അലി ജോഹര്‍, അബുല്‍ കലാം ആസാദ്, മുഖതാര്‍ അഹമ്മദ് അന്‍സാരി എന്നിവര്‍.

ലോകത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളിലാണ് കോണ്‍ഗ്രസിനു സ്ഥാനം. ബ്രിട്ടനിലെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയും അമേരിക്കയിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് പാര്‍ട്ടികളും കോണ്‍ഗ്രസിനേക്കാള്‍ പഴക്കമുള്ളവയാണ്.

1885ല്‍ ബോബെയില്‍ കോണ്‍ഗ്രസ് സ്ഥാപിക്കപ്പെടുമ്പോള്‍ 72 പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. കല്‍ക്കട്ടയില്‍നടന്ന രണ്ടാം സമ്മേളനത്തില്‍ പ്രാതിനിധ്യം 400ല്‍ എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com