ആയിരം ലിറ്റര്‍ മദ്യം എലി കുടിച്ചു ; പൊലീസ് റിപ്പോര്‍ട്ടില്‍ അമ്പരന്ന് എസ്പി ; അന്വേഷണം

ബറേലിയിലെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്‍ അധികൃതരുടെ വിശദീകരണമാണ് ഉന്നത പൊലീസ് മേധാവികളെ അമ്പരപ്പിച്ചത്
ആയിരം ലിറ്റര്‍ മദ്യം എലി കുടിച്ചു ; പൊലീസ് റിപ്പോര്‍ട്ടില്‍ അമ്പരന്ന് എസ്പി ; അന്വേഷണം

ന്യൂഡല്‍ഹി : ബറേലിയിലെ എലികള്‍ നിസ്സാരക്കാരല്ല. ആയിരം ലിറ്റര്‍ മദ്യമാണ് അവര്‍ അകത്താക്കിയത്. പൊലീസ് സ്റ്റേഷന്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ മദ്യം കാണാതായതിന്, ബറേലിയിലെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്‍ അധികൃതരുടെ വിശദീകരണമാണ് ഉന്നത പൊലീസ് മേധാവികളെ അമ്പരപ്പിച്ചത്. 

അനധികൃത മദ്യം പിടിച്ചെടുത്ത് സൂക്ഷിക്കുന്ന സ്റ്റേഷനിലെ മല്‍ക്കാന ( സ്‌റ്റോര്‍ റൂം) ബുധനാഴ്ച തുറന്നപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. സ്‌റ്റോര്‍ റൂമിനകത്ത് ചത്തുകിടന്ന തെരുവുനായയുടെ ജഡം പുറത്തുകളയുന്നതിന് വേണ്ടിയായിരുന്നു റൂം തുറന്നത്. 

അപ്പോഴാണ് ഗോഡൗണില്‍ ശേഖരിച്ചിരുന്ന കെട്ടുകണക്കിന് മദ്യക്കുപ്പികള്‍ കാലിയായി കിടക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. എലികളാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന വിശദീകരണവുമായി തൊട്ടുപിന്നാലെ സ്റ്റേഷന്‍ അധികൃതര്‍ രംഗത്തെത്തുകയും ചെയ്തു. 

ഗോഡൗണില്‍ എലി ശല്യമുണ്ടെന്നും ഇക്കാര്യം നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നതാണെന്നുമാണ് കാന്റ് പൊലീസ് സ്റ്റേഷന്‍ ഹെഡ് ക്ലര്‍ക്ക് നരേഷ് പാല്‍ പറഞ്ഞത്. മദ്യം കാണാതായ സംഭവത്തില്‍ പൊലീസ് സൂപ്രണ്ട് അഭിനന്ദന്‍ സിംഗ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. 

ഇതാദ്യമായല്ല മദ്യം കാണാതായതിന് എലികളെ കുറ്റക്കാരാക്കുന്നത്. മദ്യനിരോധനമുള്ള ബീഹാറില്‍ നേരത്തെ ഇത്തരത്തില്‍ പിടിച്ചെടുത്ത മദ്യം കാണാതായതിന് കാരണക്കാര്‍ എലികളാണെന്ന് അധികൃതര്‍ കുറ്റപ്പെടുത്തിയിരുന്നു. ജാര്‍ഖണ്ഡില്‍ മയക്കുമരുന്നും, ആസാമില്‍ കറന്‍സി നോട്ടുകളും എലികള്‍ അടിച്ചുമാറ്റിയതായി അധികൃതര്‍ പരാതിപ്പെട്ടിരുന്നു. ബീഹാറില്‍ പ്രളയത്തിന് കാരണം പോലും എലികളാണെന്ന് ചിലര്‍ ആരോപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com