ശശി തരൂരിന്റെ ഇടപെടലില്‍ ഹൈ പവര്‍ പമ്പുകളെത്തി; വൈകിയെത്തിയ രക്ഷാപ്രവര്‍ത്തനം ഫലം കാണുമോയെന്ന് ആശങ്ക

ശശി തരൂര്‍ എംപിയുടെ ശ്രമത്തിന്റെ ഫലമയാണ് പമ്പുകളുമായി കിര്‍ലോസ്‌കര്‍ സംഘം പുറപ്പെട്ടത്.
ശശി തരൂരിന്റെ ഇടപെടലില്‍ ഹൈ പവര്‍ പമ്പുകളെത്തി; വൈകിയെത്തിയ രക്ഷാപ്രവര്‍ത്തനം ഫലം കാണുമോയെന്ന് ആശങ്ക

മേഘാലയയിലെ സായ്പുങ്ങിയെ ഖനിയില്‍ കുടിങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ പതിനാറാം ദിവസത്തിലേക്ക് കടന്നു. ഒഡീഷയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘവുമായി വ്യേമസേന വിമാനം ഗുവാഹത്തിയിലെത്തി. പത്തു ഹൈ പവര്‍ പമ്പുകളുമായി സംഘം മേഘാലയയിലെ മലയോര മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. 

അതേസമയം ഹൈ പവര്‍ പമ്പുകളുമായി കൊല്‍ക്കത്തയില്‍ നിന്ന് തിരിച്ച കിര്‍ലോസ്‌കര്‍ പമ്പ് വിദഗ്ധര്‍ സായ്പുങില്‍ എത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് ഇവര്‍ എത്തിയത്. ശശി തരൂര്‍ എംപിയുടെ ശ്രമത്തിന്റെ ഫലമയാണ് പമ്പുകളുമായി കിര്‍ലോസ്‌കര്‍ സംഘം പുറപ്പെട്ടത്. സംസ്ഥാനത്തെ ബിജെപി സഖ്യസര്‍ക്കാര്‍ തൊഴിലാളികളെ രക്ഷിക്കാന്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടിയ കോണ്‍ഗ്രസിന്റെ എംപിയുടെ ഭാഗത്ത് നിന്നുണ്ടായ നീക്കം. 

പമ്പുകള്‍ക്കും മികച്ച സംവിധാനങ്ങള്‍ക്കും വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തകരുടെ ആവശ്യം കണ്ടില്ലെന്ന് നടിച്ച കൊണാര്‍ഡ് സാഗ്മ സര്‍ക്കാര്‍, നിരന്തരമായ അഭ്യര്‍ത്ഥനകള്‍ക്കൊടുവിലാണ് ഒഡീഷയില്‍ നിന്ന് പമ്പുകള്‍ കൊണ്ടുവരാന്‍ നടപടിയെടുത്തത്. 

പതിനാറാം ദിവസത്തിലേക്ക് കടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ മൂന്ന് ഹെല്‍മെറ്റുകള്‍ മാത്രമാണ് ലഭിച്ചത്. എഴുപതടിയോളം വെള്ളം നിറഞ്ഞ ഖനിയില്‍ വെള്ളം വറ്റിച്ചാല്‍ മാത്രമേ തിരച്ചില്‍ സാധ്യമാകുള്ളു. അതേസമയം, ഖനിയില്‍ നിന്നുയരുന്ന ദുര്‍ഗന്ധം രക്ഷാപ്രവര്‍ത്തകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. 

തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകുമെന്നും ശരീരങ്ങള്‍ ചീഞ്ഞതിന്റെ ഗന്ധമാകാമ പുറത്തുവരുന്നത് എന്നുമാണ് എന്‍ഡിആര്‍എഫിന്റെ നിഗമനം. 
ഡിസംബര്‍ പതിമൂന്നിനാണ് ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിയത്. റാറ്റ് ഹോളുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെറു അറകളില്‍ എവിടെയാണ് തൊഴിലാളികളുളളതെന്ന് രക്ഷാസംഘത്തിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

രക്ഷാപ്രവര്‍ത്തനത്തിനോട് പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും നിസ്സഹകരണമാണ് ലഭിക്കുന്നതെന്ന് കഴിഞ്ഞ ദിവസം എന്‍ഡിആര്‍എഫ് വ്യക്തമാക്കിയിരുന്നു. ആവശ്യമുള്ള സംവിധാനങ്ങള്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംഘം വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com