ജനുവരി ഒന്ന് ക്രിസ്ത്യാനികളുടെ പുതുവല്‍സരം ; ആഘോഷങ്ങളില്‍ പങ്കെടുക്കരുത് ; മുന്നറിയിപ്പുമായി ഹിന്ദു സംഘടന

ക്രിസ്ത്യന്‍ ആഘോഷങ്ങളെ പിന്തുടരുന്നത് കൊണ്ടാണ് ഹിന്ദുക്കളില്‍ ക്രിസ്ത്യന്‍ മതത്തിലേക്കുള്ള പരിവര്‍ത്തനം കൂടുന്നതെന്നും സമിതി വിലയിരുത്തുന്നു
ജനുവരി ഒന്ന് ക്രിസ്ത്യാനികളുടെ പുതുവല്‍സരം ; ആഘോഷങ്ങളില്‍ പങ്കെടുക്കരുത് ; മുന്നറിയിപ്പുമായി ഹിന്ദു സംഘടന

പനാജി : ക്രിസ്ത്യന്‍ ആഘോഷമായ പുതുവത്സരം ജനുവരി ഒന്നിന് ഹിന്ദുക്കള്‍ ആഘോഷിക്കരുതെന്ന ആവശ്യവുമായി ഹൈന്ദവ സംഘടന. ഹിന്ദു ജനജാഗ്രതി സമിതിയാണ് പുതിയ നിര്‍ദേശവുമായി രംഗത്തുവന്നത്. ജനുവരി ഒന്നിന് പകരം രാജ്യത്തെ എല്ലാ ഹിന്ദുക്കളും ചൈത്ര ശുദ്ധ പ്രതിപദം അഥവാ ഗുദ്ധിപദ്‌വയില്‍ പുതുവത്സരം ആഘോഷിക്കണമെന്നാണ് നിര്‍ദേശം. അടുത്ത ഏപ്രിലിലാണ് ചൈത്ര ശുദ്ധ പ്രതിപദം. 

ക്രിസ്ത്യന്‍ പുതുവത്സരാഘോഷമായ ജനുവരി ഒന്നിന് ചരിത്രപരമോ, പ്രകൃത്യായോ, ആദ്ധ്യാത്മികമായോ യാതൊരു പ്രത്യേകതയും ഇല്ലെന്നും ഹിന്ദു ജനജാഗ്രതി സമിതി പറഞ്ഞു. പുതുവത്സരത്തിന്റെ ഭാഗമായി ഡിസംബര്‍ 31 ന് നടത്തുന്ന മദ്യാപാനവും ബഹളവും മറ്റ് പ്രവൃത്തികളും ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ല. ഇത് സമൂഹത്തിന്റെ  ധാര്‍മ്മികതയെ നശിപ്പിക്കുകയും ക്രമസമാധാനം തകര്‍ക്കുകയും ചെയ്യും. 

മാത്രമല്ല ക്രിസ്ത്യന്‍ പുതുവത്സരാഘോഷത്തോടൊപ്പമാണ് യുവാക്കള്‍ കൂടുതലായും ആദ്യ മദ്യപാനവും ആദ്യ സിഗരറ്റ് വലിയും തുടങ്ങുന്നതെന്ന് സമിതിയുടെ ഒരു സര്‍വ്വേയില്‍ കണ്ടെത്തിയതായും സംഘടന വ്യക്തമാക്കുന്നു. ക്രിസ്ത്യന്‍ ആഘോഷങ്ങളെ പിന്തുടരുന്നത് കൊണ്ടാണ് ഹിന്ദുക്കളില്‍ ക്രിസ്ത്യന്‍ മതത്തിലേക്കുള്ള പരിവര്‍ത്തനം കൂടുന്നതെന്നും സമിതി വിലയിരുത്തുന്നു. 

പുതുവല്‍സരാഘോഷം ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി ഗോവയില്‍ സമിതി വ്യാപക പ്രചാരണമാണ് നടത്തുന്നത്.  പോസ്റ്ററുകള്‍, ലഘു ലേഖകള്‍, സെമിനാറുകള്‍ എന്നിങ്ങനെ നിരവധി പരിപാടികള്‍ക്കാണ് ഹിന്ദു ജനജാഗ്രതി സമിതി നേതൃത്വം കൊടുക്കുന്നത്. ഇത് സംബന്ധിച്ച് കലക്ടര്‍ക്കും പൊലീസിനും ഹിന്ദു ജനജാഗ്രതി സമിതി മെമ്മോറാണ്ടം സമര്‍പ്പിച്ചു കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com