നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം തകർത്തു ; രണ്ട് പാക് സൈനികരെ വധിച്ചു 

നിയന്ത്രണരേഖയ്ക്കു സമീപം കാടിന്റെ മറവിലൂടെയാണ് പാക്കിസ്ഥാനി ബോർഡർ ആക്‌ഷന്‍ ടീം (ബിഎടി) ആക്രമണത്തിനെത്തിയത്
നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം തകർത്തു ; രണ്ട് പാക് സൈനികരെ വധിച്ചു 

ശ്രീന​ഗർ : പുതുവൽസരാഘോഷത്തിന്റെ മറവിൽ വൻനുഴഞ്ഞുകയറ്റത്തിനുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ ശ്രമം ഇന്ത്യൻ സേന തകർത്തു. ഇന്ത്യൻ സൈനിക പോസ്റ്റ് ആക്രമിക്കാനെത്തിയ രണ്ടു പാക്ക് സൈനികരെ വധിച്ചു. നൗഗാം സെക്ടറിൽ നിയന്ത്രണരേഖയ്ക്കു സമീപം ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. നുഴഞ്ഞുകയറ്റത്തിനു മറയായി ശക്തമായ വെടിവയ്പ്പ് പാക്കിസ്ഥാൻ നടത്തിയിരുന്നു.

നിയന്ത്രണരേഖയ്ക്കു സമീപം കാടിന്റെ മറവിലൂടെയാണ് പാക്കിസ്ഥാനി ബോർഡർ ആക്‌ഷന്‍ ടീം (ബിഎടി) ആക്രമണത്തിനെത്തിയത്. നിയന്ത്രണരേഖയിലെ ഇന്ത്യൻ സൈന്യം പെട്ടെന്നുതന്നെ ഇവരുടെ നീക്കങ്ങൾ തിരിച്ചറിയുകയായിരുന്നു. തുടർന്ന് രാത്രി ഇരുകൂട്ടരും തമ്മിൽ  ശക്തമായ വെടിവയ്പ്പു തുടർന്നു. തിരച്ചിലിനിറങ്ങിയ സൈന്യം പാക്ക് സൈനികരെന്നു കരുതുന്ന രണ്ടുപേരെ വധിക്കുകയായിരുന്നു.

ഇവരിൽനിന്ന് വൻതോതിലുള്ള ആയുധശേഖരവും പിടിച്ചെടുത്തു. ഇതിൽനിന്നാണ് നൗഗാം സെക്ടറിലെ സൈനിക പോസ്റ്റിനു നേരെ വൻ ഏറ്റുമുട്ടലിനു സജ്ജരായാണ് അവർ എത്തിയതെന്ന് വ്യക്തമായത്. ഇവരുടെ മൃതദേഹങ്ങൾ തിരികെക്കൊണ്ടുപോകാൻ പാക്കിസ്ഥാനോട് ആവശ്യപ്പെടുമെന്ന് സൈനിക വക്താവ് പറഞ്ഞു.മേഖലയിൽ തിരച്ചിൽ തുടരുകയാണ്. ഇനിയും പാക്കിസ്ഥാൻകാരുടെ സാന്നിധ്യം ഉണ്ടായേക്കാമെന്നും സൈനിക വക്താവ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com