ദേവസ്വം വാഹനത്തില്‍ പള്ളിയില്‍ പോക്ക്; വിഡിയോ പുറത്തായതിനു പിന്നാലെ തിരുപ്പതിയില്‍ അഹിന്ദു ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2018 09:55 AM  |  

Last Updated: 01st February 2018 09:55 AM  |   A+A-   |  

Sri-Venkateswara-Swamy-Temple-at-Tirumala-Night4

 

ഹൈദരാബാദ്: തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ അഹിന്ദുക്കളായ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. ക്ഷേത്ര ജീവനക്കാരി ഔദ്യോഗിക വാഹനത്തില്‍ പള്ളിയില്‍ പോവുന്നതിന്റെയും പ്രാര്‍ഥിക്കുന്നതിന്റെയും വിഡിയോ ദൃശ്യം പുറത്തുവന്നതിനു പിന്നാലെയാണ് തിരുപ്പതി ദേവസ്ഥാനത്തിന്റെ നടപടി.

നിയമപ്രകാരം ഹിന്ദുക്കള്‍ക്കു മാത്രമാണ് തിരുപ്പതി തിരുമല ദേവസ്വത്തില്‍ ജോലി ചെയ്യാവുന്നത്. എന്നാല്‍ ഒട്ടേറെ അഹിന്ദുക്കള്‍ ഇവിടെ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് പിരിച്ചുവിടുന്നതിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 44 പേര്‍ക്കാണ് നോട്ടീസ്. താങ്കളുടെ മതവിശ്വാസം തിരുപ്പതി ദേവസ്ഥാനത്തിന്റെ ചട്ടങ്ങള്‍ പ്രകാരം ഇവിടെ ജോലി ചെയ്യുന്നതിനു തടസമാണെന്നും തുടര്‍ നടപടികള്‍ എടുക്കുന്ന കാര്യത്തില്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്. 

വിഡിയോ പുറത്തുവന്നതിനു പിന്നാലെ തിരുപ്പതിയിലെ അഹിന്ദു ജീവനക്കാര്‍ക്കെതിരെ ഹിന്ദു സംഘടനകളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് ദേവസ്ഥാനം നടപടികളിലേക്കുകടന്നിരിക്കുന്നത്. അതേസമയം പിരിച്ചുവിടപ്പെടുന്നവര്‍ക്ക് സര്‍ക്കാരിന്റെ മറ്റു വകുപ്പുകളില്‍ പുനര്‍ നിയമനം നല്‍കുമെന്ന് ദേവസ്ഥാനം അറിയിച്ചിട്ടുണ്ട്.