കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം പൊള്ള; കേന്ദ്ര ബജറ്റിനെതിരെ മന്‍മോഹന്‍ സിങ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2018 10:48 AM  |  

Last Updated: 02nd February 2018 10:48 AM  |   A+A-   |  

MODI-MANMOHAN

 

ന്യൂഡല്‍ഹി: കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന ബജറ്റ് പ്രഖ്യാപനം പൊള്ളയായ വാഗ്ദാനമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കാര്‍ഷിക വളര്‍ച്ച പന്ത്രണ്ടു ശതമാനമാവാതെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.

പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ യോഗത്തിലാണ് ബജറ്റിലെ പ്രഖ്യാപനത്തിനെതിരെ മന്‍മോഹന്‍ സിങ് വിമര്‍ശനം ഉന്നയിച്ചത്. കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കുമെന്നാണ് ബജറ്റില്‍ പറഞ്ഞിരിക്കുന്നതെന്ന് സിങ് ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ കാര്‍ഷിക വളര്‍ച്ച വച്ച് അസാധ്യമാണത്. വളര്‍ച്ച 12 ശതമാനത്തില്‍ എത്തിയാലേ വരുമാനം ഇരട്ടിയാക്കാനാവൂ. അതുകൊണ്ടുതന്നെ ബജറ്റിലെ പ്രഖ്യാപനം പൊള്ളയാണെന്ന് മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു.

ബജറ്റിലെ നിര്‍ദേശങ്ങള്‍ എങ്ങനെയാണ് നിറവേറ്റാന്‍ പോവുന്നത് എന്നതാണ് പ്രധാനമെന്ന് മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ഇങ്ങനെയൊരു ബജറ്റ് അവതരിപ്പിച്ചതിന് സര്‍ക്കാരിനെ താന്‍ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ അതിലുള്ള കണക്കുകള്‍ ആശങ്കയുണ്ടാക്കുന്നതു തന്നെയാണെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു.