ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചു, ടിഡിപി കേന്ദ്ര ഭരണം വിടാനൊരുങ്ങുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2018 12:05 PM  |  

Last Updated: 02nd February 2018 12:05 PM  |   A+A-   |  

chandrababu

 

ഹൈദരാബാദ്: കേന്ദ്ര ബജറ്റില്‍ ആന്ധ്രയ്ക്കുള്ള വിഹിതം കുറഞ്ഞതില്‍ എന്‍ഡിഎ ഘടകകക്ഷിയായ തെലുഗുദേശം പാര്‍ട്ടിക്ക് അതൃപ്തി. പ്രതിഷേധസൂചകമായി എന്‍ഡിഎ വിടുന്നതിനെക്കുറിച്ച് ആലോചന നടത്തുകയാണ് ടിഡിപിയെന്ന് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയാണ് ടിഡിപി.

ബജറ്റ് അവതരത്തിനു പിന്നാലെ തന്നെ ടിഡിപി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡു പാര്‍ട്ടി എംപിമാരെ വിളിച്ച് നിലപാട് അറിയിച്ചു. ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ സഖ്യത്തില്‍ തുടരുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നുമാണ് നായിഡു അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് എംപിമാര്‍ കേന്ദ്ര സഹമന്ത്രി വൈഎസ് ചൗധരിയുടെ വസതിയില്‍ യോഗം ചേര്‍ന്നു.

ബജറ്റ് അങ്ങേയറ്റം നിരാശാജനകമാണെന്നാണ് ടിഡിപിയുടെ വിലയിരുത്തല്‍. ആന്ധ്ര പുനസംഘടനാ നിയമത്തില്‍ വാഗ്ദാനം ചെയ്തിരുന്ന ഒരു വകയിരുത്തലും ബജറ്റില്‍ ഉണ്ടായിട്ടില്ല. വിശാഖപട്ടണത്തിന് റെയില്‍വേ സോണ്‍ അനുവദിക്കുമെന്ന പ്രഖ്യാപനവും പാഴായി. അമരാവതി പുതിയ തലസ്ഥാനമായി നിര്‍മിക്കുന്നതു സംബന്ധിച്ച പരാമര്‍ശം പോലും ബജറ്റില്‍ ഇല്ലെന്ന് ടിഡിപി നേതാക്കള്‍ പറയുന്നു.

പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടു തീരുമാനിക്കാന്‍ ഫെബ്രവരി നാലിന് വിജയവാഡയില്‍ യോഗം ചേരുമെന്ന് െൈവഎസ് ചൗധരി അറിയിച്ചു. ആന്ധ്രയുടെ താത്പര്യത്തിനു വേണ്ടി എന്തു ത്യാഗത്തിനും തയാറാണെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് ചൗധരി വ്യക്തമാക്കി.