രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് യുപിയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍

രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് യുപിയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍

അയോധ്യ കേസില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് അന്തിമവാദം തുടങ്ങാനിരിക്കെയാണ് വിവാദ വീഡിയോ പ്രചരിച്ചിട്ടുള്ളത്

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് യോഗി സര്‍ക്കാരിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍. പ്രതിജ്ഞ ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഹോം ഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിക്കുന്ന 1982 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സൂര്യകുമാര്‍ ശുക്ലയാണ് വിവാദത്തില്‍പ്പെട്ടത്. 

ലഖ്‌നൗ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങിലാണ് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ പ്രതിജ്ഞയെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.രാമക്ഷേത്രം എത്രയും വേഗം നിര്‍മ്മിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. സംഭവത്തെപ്പറ്റി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിശദീകരണം തേടിയിട്ടുണ്ട്. അയോധ്യ കേസില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് അന്തിമവാദം തുടങ്ങാനിരിക്കെയാണ് വിവാദ വീഡിയോ പ്രചരിച്ചിട്ടുള്ളത്.

ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ശുക്ലയെപ്പോലെ ഒരാള്‍ പൊതുചടങ്ങില്‍വച്ച് ഇത്തരം പ്രതിജ്ഞയെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി അഭിപ്രായപ്പെട്ടു. എന്നാല്‍, സംഭവം വിവാദമായതോടെ വിശദീകരണവുമായി മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍തന്നെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഐക്യത്തിന്റെ അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കുന്നത് സംബന്ധിച്ചാണ് താനടക്കമുള്ളവര്‍ പ്രതിജ്ഞയെടുത്. തന്റെ വാക്കുകള്‍ അടര്‍ത്തിമാറ്റി ഉപയോഗിച്ച വീഡിയോയാണ് വൈറലായത്. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് അനുയോജ്യമായ സമാധാന അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കുമെന്നാണ് താനടക്കമുള്ളവര്‍ പ്രതിജ്ഞ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com