സഹവിദ്യാര്‍ത്ഥി മര്‍ദ്ദിച്ചു; ഒമ്പതാം ക്ലാസുകാരന്‍ ടൊയ്‌ലറ്റില്‍ മരിച്ച നിലയില്‍ 

സ്‌കൂള്‍ സുഹൃത്തിന്റെ മര്‍ദ്ദനത്തിനിരയായി 14 വയസ്സുകാരന്‍ സ്‌കൂളില്‍ മരിച്ച നിലയില്‍
സഹവിദ്യാര്‍ത്ഥി മര്‍ദ്ദിച്ചു; ഒമ്പതാം ക്ലാസുകാരന്‍ ടൊയ്‌ലറ്റില്‍ മരിച്ച നിലയില്‍ 

സ്‌കൂള്‍ സുഹൃത്തിന്റെ മര്‍ദ്ദനത്തിനിരയായി 14 വയസ്സുകാരന്‍ സ്‌കൂളില്‍ മരിച്ച നിലയില്‍. ജീവന്‍ ജ്യോതി സീനിയര്‍  സെക്കന്‍ഡറി സ്‌കൂളിലെ തുഷാര്‍ കുമാര്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് ടൊയ്‌ലറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ തുഷാറിന്റെ ദേഹത്ത് പാടുകളോ മറ്റോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഒപ്പം പഠിക്കുന്ന വിദ്യാര്‍ത്ഥി തുഷാറിനെ മര്‍ദ്ദിച്ചിരുന്നെന്ന് ഇതേ സ്‌കൂളില്‍ പഠിക്കുന്ന തുഷാറിന്റെ ബന്ധു രവി പോലീസിനോട് പറഞ്ഞു. 

തുഷാറിന്റെ കൊലപാതകത്തില്‍ കേസെടുത്ത പോലീസ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മുന്നോട്ടുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞു. ഏകദേശം 10:30യോടെ ടൊയ്‌ലറ്റില്‍ ബോധമില്ലാതെ കിടന്നിരുന്ന തുഷാറിനെ കണ്ട സഹവിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചു. ഇവര്‍ കുട്ടിയെ ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് കുട്ടിയെ ഗുരു തേജ് ബഹാദുര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവച്ചാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. 

കുട്ടിക്ക് ഡയേറിയ പിടിപെട്ടിരുന്നെന്നും ഇതാകാം മരണകാരണമെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ സത്യം മൂടിവയ്ക്കുകയാണെന്നും അസുഖമുള്ളതുകൊണ്ടല്ല തുഷാര്‍ മരിച്ചതെന്നും രവി ആരോപിച്ചു. തുഷാറിന്റെ ശരീരത്തില്‍ പാടുകള്‍ ഇല്ലെന്ന പോലീസ് കണ്ടെത്തലിനെയും രവി എതിര്‍ത്തു. തുഷാറിന്റെ ശരീരം താന്‍ കണ്ടതാണെന്നും കഴുത്തിലും നെഞ്ചിലും പാടുകള്‍ ഉണ്ടെന്നുമാണ് രവിയുടെ ആരോപണം. 

തുഷാറിനെ ബോധമില്ലാതെ കണ്ട് ഒരു മണിക്കൂറിന് ശേഷം മാത്രമാണ് സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ചത്. സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്‌ക്കെതിരെ കുട്ടിയുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധിച്ചു. ഇവരോടൊപ്പം എംഎല്‍എയും ഡല്‍ഹിയിലെ മുന്‍ മന്ത്രി കപില്‍ മിഷറയും ചേര്‍ന്നു. തുഷാറിന്റെ മരണത്തില്‍ സ്‌കൂളിന്റെ പങ്കിനെകുറിച്ച് ഇവര്‍ സംശയം പ്രകടിപ്പിച്ചു. 

സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് തുഷാറിന് പിന്നാലെ കുറച്ച് കുട്ടികള്‍ ടോയ്‌ലറ്റിലേക്ക് പ്രവേശിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com