പത്മാവതിക്കെതിരെ സമരം നിര്‍ത്തിയത് ബിജെപി സാമ്പത്തിക സഹായം നല്‍കുന്നവരാണ്; പ്രതിഷേധം പിന്‍വലിച്ചിട്ടില്ലെന്നും കര്‍ണി സേന

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2018 09:41 PM  |  

Last Updated: 03rd February 2018 09:41 PM  |   A+A-   |  

 

ജയ്പൂര്‍: പത്മാവത് സിനിമയുമായി ബന്ധപ്പെട്ട പ്രതിഷേധം പിന്‍വലിച്ചിട്ടില്ലെന്ന് കര്‍ണിസേന തലവന്‍ ലോകേന്ദ്രസിംഗ് കാല്‍വി. പ്രതിഷേധ സമരം പിന്‍വലിച്ചതായ വാര്‍ത്തകള്‍ക്ക് പിന്നില്‍ വ്യാജ കര്‍ണിസേനയാണെന്നും കാല്‍വി ആരോപിച്ചു.

ഇന്ത്യയില്‍ ധാരാളം വ്യാജ കര്‍ണി സേന തലപൊക്കിയിട്ടുണ്ട്. എട്ടോളം സംഘടനകള്‍ ഉണ്ടെന്നാണറിവ്. ഇവയെല്ലാം ബിജെപി സാമ്പത്തിക സഹായം നല്‍കി വളര്‍ത്തുന്നവയാണ്. എന്നാല്‍ യഥാര്‍ത്ഥ സംഘടന ശ്രീ രജ്പുത് കര്‍ണിസേനയാണെന്നും ആ സംഘടന സമരത്തില്‍ നിന്നും പിന്‍മാറിയിട്ടില്ലെന്നും കല്‍വി പറഞ്ഞു.

രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയെന്നത് തങ്ങളുടെ ലക്ഷ്യമായിരുന്നു. അത് പാലിക്കാനായതില്‍ സന്തോഷമുണ്ട്. രജപുത് വിഭാഗത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തിയാല്‍ രാഷ്ട്രീയമായ തിരിച്ചടി ഉണ്ടാകുമെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നു ംകാല്‍വി കൂട്ടിച്ചേര്‍ത്തു