മുന്‍ ബിജെപി സംസ്ഥാന സെക്രട്ടറിയെ പൊലീസ് തലപ്പത്ത് നിയമിച്ച് യോഗി ആദിത്യനാഥ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2018 04:51 PM  |  

Last Updated: 03rd February 2018 04:51 PM  |   A+A-   |  

 

ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഐപിഎസ് ഉദ്യോഗസ്ഥരുടെ പുനസംഘട വിവാദത്തില്‍. പൊലീസിനെ കാവിവത്കരിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. 

നാലുവര്‍ഷമായി സര്‍വീസില്‍ ഇല്ലാത്ത ദവാ ഷര്‍പ്പായെ ആഡീഷണല്‍ ഡയറക്ടര്‍ ജനറലായി നിയമിച്ച യോഗിയുടെ നടപടിയാണ് വിവാദത്തിലായിരിക്കുന്നത്. 2008 മുതല്‍ 2012വരെ നീണ്ട അവധിയിലായിരുന്ന ദവാഷര്‍പ്പ. 2008ല്‍  വിആര്‍എസിന് അപേക്ഷ നല്‍കിയെങ്കിലും 20 വര്‍ഷമായി സര്‍വീസ് ഇല്ലാത്ത കാരണത്താല്‍ തള്ളുകയായിരുന്നു. ലീവിലായിരുന്ന കാലയളവില്‍ ബിജെപിയുടെ സജീവമുഖമായിരുന്നു ദവാ ഷര്‍പ്പ. പിന്നീട് ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചു. 

ഷെര്‍പ്പ 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവസാനസമയം ജസ്വന്ത് സിന്‍ഹയ്ക്ക് സീറ്റുനല്‍കുകയായിരുന്നു. സീറ്റുകിട്ടാത്തതില്‍ പ്രതിഷേധിച്ച് ഷെര്‍പ്പ അഖില്‍ ഭാരതീയ ഗൊരഖ് ലീഗ് എന്ന പുതിയ പാര്‍ട്ടി രൂപികരിച്ചു. എന്നാല്‍ ബിജെപി നേതാവ് രാജ്‌നാഥ് സിങ്ങുമായി എറെ അടുപ്പമുള്ള ഷെര്‍പ്പ 2012ല്‍ വീണ്ടും പൊലീസിലേക്ക് മടങ്ങിയെത്തുകയായിരുന്നു. പിന്നീട് ഡിഐജിയായും 2013ല്‍ പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ ജനറലായും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ യോഗി ആദിത്യനാഥ് ക്രൈംബ്രാഞ്ച് - സിഐഡി വിഭാഗത്തില്‍ എഡിജിയായാണ് നിയമിച്ചിരിക്കുന്നത്. .

ഇതിനെതിരെ മുന്‍ യുപി പൊലീസ് മേധാവി ഉള്‍പ്പെടെ രംഗത്ത് എത്തിയിട്ടുണ്ട്. സര്‍ക്കാര്‍ രാഷ്ട്രീ അജണ്ട നടപ്പാക്കുകയാണെന്നും ഓരേ  സമയം ഐപിഎസ് ഓഫീസറായും രാഷ്ട്രീയക്കാരനായും പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇയാളെ പുതുതായി നിയമിച്ച സ്ഥാനത്തുനിന്നും ഉടന്‍ നീക്കണമെന്നും ഇയാള്‍ക്കെതിരെ സ്വതന്ത്ര അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം. എന്നാല്‍ ഈ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് ബിജെപി പറയുന്നത്.