രാമക്ഷേത്രത്തെ എതിര്‍ക്കുന്ന മുസ്ലീങ്ങള്‍ പാക്കിസ്ഥാനില്‍ പോകണം:ഷിയാ നേതാവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2018 02:47 PM  |  

Last Updated: 03rd February 2018 02:52 PM  |   A+A-   |  

 

ഫാസിയാബാദ്: രാമക്ഷേത്രത്തെ എതിര്‍ക്കുന്ന മുസ്ലീങ്ങളെല്ലാം ഇന്ത്യ വിട്ട് പാകിസ്ഥാനില്‍ പോകണമെന്ന് ഉത്തര്‍ പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി ആവശ്യപ്പെട്ടു. പാകിസ്ഥാനില്‍ പോകാന്‍ തയ്യാറല്ലെങ്കില്‍ ബംഗ്ലാദേശിലോ ഐഎസിലേക്കോ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അയോധ്യയിലെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇവിടുത്തെ തര്‍ക്ക ഭൂമിയില്‍ പ്രാര്‍ത്ഥന നടത്തിയ അദ്ദേഹം രാമ ജന്മഭൂമി മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസിനെ സന്ദര്‍ശിക്കുകയും ചെയ്തു. ബാബ്‌റി മസ്ജിദ്-രാം ജന്മഭൂമി തര്‍ക്കവിഷയത്തില്‍ ഫെബ്രുവരി എട്ടിന് സുപ്രീംകോടതിയില്‍ വാദം തുടരാനിരിക്കേയാണ് പ്രതികരണം.

രാജ്യത്തെ മതേതരവാദികളൊന്നും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ത്തിട്ടില്ലെന്ന് അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കരുതെന്നും ബാബരി മസ്ജിദ് പുനര്‍ നിര്‍മിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ പാകിസ്ഥാനാനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണം. തീവ്രവാദികളായ മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ ഹിന്ദു മതവിശ്വാസികളുടെ വിശുദ്ധ സ്ഥലമാണ്. ഇവിടെ മുസ്ലീം പള്ളി സ്ഥാപിക്കണമെന്ന് വാശിപിടിക്കരുത്. അങ്ങനെ ആഗ്രഹിക്കുന്നവര്‍ ഐഎസില്‍ ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം റിസ്‌വിയുടെ പരാമര്‍ശത്തിനെതിരെ ഷിയാ പണ്ഡിതര്‍ രംഗത്തുവന്നു. പ്രകോപനപരമായ പരാമര്‍ശം നടത്തിയ റിസ്‌വിയെ അറസ്റ്റ് ചെയ്യണമെന്ന് ഷിയാ പണ്ഡിതര്‍ ആവശ്യപ്പെട്ടു. റിസ്‌വി ക്രിമിനലാണെന്ന് ഷിയാ ഉലമ കൗണ്‍സില്‍ പ്രസിഡന്റ് മൗലാന ഇഫ്തിക്കര്‍ ഹുസൈന്‍ ഇന്‍ക്വിലാബി ആരോപിച്ചു. റിസ്‌വി വഖഫ് വസ്തുവകകള്‍ നിയമവിരുദ്ധമായി വില്‍പ്പന നടത്തുകയും പിടിച്ചെടുക്കുകയും ചെയ്തതായി ഇന്‍ക്വിലാബി ആരോപിച്ചു.