ത്രിപുര ബിജെപിയില്‍ പൊട്ടിത്തെറി; സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡന്റ് രാജിവെച്ചു

ത്രിപുരയില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പാര്‍ട്ടി വിട്ടു.
ത്രിപുര ബിജെപിയില്‍ പൊട്ടിത്തെറി; സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡന്റ് രാജിവെച്ചു

അഗര്‍ത്തല: ത്രിപുരയില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പാര്‍ട്ടി വിട്ടു. 2001 മുതല്‍ തുടര്‍ന്നുളള അഞ്ചുവര്‍ഷക്കാലം ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന റോണാജോയ് കുമാര്‍ ദേബാണ് തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. ഫെബ്രുവരി 18 നാണ് ത്രിപുരയില്‍ വോട്ടെടുപ്പ്.

വരുന്ന ത്രിപുര തെരഞ്ഞെടുപ്പില്‍ ബാഗ്ബാസ നിയമസഭ മണ്ഡലത്തില്‍ നിന്നും മത്സരിക്കാനാണ് റോണാജോയ് കുമാര്‍ ദേബ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ നാമനിര്‍ദേശം ചെയ്യാതിരുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റിന് അയച്ച കത്തില്‍ ദേബ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ച ബിജെപി നേതൃത്വത്തിന് അയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നത്.

1980 മുതല്‍ പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ദേബിന്റെ രാജി നിര്‍ഭാഗ്യകരമാണെന്ന് ബിജെപി വക്താവ് മൃണാല്‍ കാന്തി വ്യക്തമാക്കി. കേവലം സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ അദ്ദേഹം രാജിവെയ്ക്കരുതായിരുന്നുവെന്നും മൃണാല്‍ കാന്തി അഭിപ്രായപ്പെട്ടു.

60 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 51 സീറ്റുകളിലാണ് നേരിട്ട് മത്സരിക്കുന്നത്. ഒന്‍പതു സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് മാറ്റിവെച്ചു. ഗോത്രവിഭാഗങ്ങളില്‍ സ്വാധീനമുളള ഇന്‍ഡിജെനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയാണ് ബിജെപിയുടെ മുഖ്യ സഖ്യകക്ഷി.

അതേസമയം സിപിഎമ്മിന്റെ 1635 അനുഭാവികള്‍ ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്നും നിരവധി പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി ബിജെപി അവകാശപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com