ത്രിപുരയിലേത് ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ്: പ്രകാശ് കാരാട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2018 09:47 AM  |  

Last Updated: 03rd February 2018 09:47 AM  |   A+A-   |  

prakash_karat

 

ബെലോണിയ (ത്രിപുര): ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാവും ത്രിപുരയിലേതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ത്രിപുരയ്ക്കു മാത്രമല്ല, രാജ്യത്തിനുതന്നെ പ്രധാനമായ തെരഞ്ഞെടുപ്പാണ് സംസ്ഥാനത്തു നടക്കുന്നതെന്ന് കാരാട്ട് അഭിപ്രായപ്പെട്ടു.

ത്രിപുരയില്‍ ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളും ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മിലായിരുന്നു. ഇക്കുറി ഇടതുപക്ഷത്തെ നേരിടുന്നത് ബിജെപിയാണ്. കോണ്‍ഗ്രസിന്റെ നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഇത്തരമൊരു സാഹചര്യമുണ്ടായത്- കാരാട്ട് ചൂണ്ടിക്കാട്ടി.

ത്രിപുരയിലെ ബിജെപി എന്നത് പുതിയ കുപ്പിയിലെ പഴയ വീഞ്ഞാണ്. ഇതു തിരിച്ചറിയുന്ന ഇവിടത്തെ വോട്ടര്‍മാര്‍ വീണ്ടും ഇടതുപക്ഷത്തെ പിന്തുണയ്ക്കും എന്നതില്‍ തനിക്കു സംശയമില്ലെന്ന് കാരാട്ട് പറഞ്ഞു. മണിക് സര്‍ക്കാരിനു കീഴില്‍ ഇടതുപക്ഷം എട്ടാമത്തെ സര്‍ക്കാര്‍ രൂപീകരിക്കും- കാരാട്ട് വ്യക്തമാക്കി.

 

ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടി തീവ്രവാദികളുടെ മുഖംമൂടിയാണെന്ന് കാരാട്ട് കുറ്റപ്പെടുത്തി. ഒന്നര പതിറ്റാണ്ടായി ത്രിപുരയിലെ ജനങ്ങളെ കൊന്നൊടുക്കുകയാണ് അവര്‍ ചെയ്യുന്നത്. അവരുമായായാണ് ബിജെപി കൂട്ടു ചേര്‍ന്നിരിക്കുന്നത്. ഇടതുപക്ഷത്തെ ഇല്ലായ്മ ചെയ്യാന്‍ ഗൂഢാലോചന നടത്തുകയാണ് ബിജെപി സഖ്യമെന്ന് തെക്കന്‍ ത്രിപുരയില്‍ തെരഞ്ഞെടുപ്പു യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കാരാട്ട് പറഞ്ഞു.