പാക്കിസ്ഥാന്‍ ഒരു വെടിയുതിര്‍ത്താല്‍ ഇന്ത്യയുടെ മറുപടി എണ്ണമറ്റ ബുളളറ്റുകള്‍ കൊണ്ട്: രാജ്‌നാഥ് സിങ് 

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 04th February 2018 11:28 AM  |  

Last Updated: 04th February 2018 11:28 AM  |   A+A-   |  

 

ന്യൂഡല്‍ഹി:  പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. പാക്കിസ്ഥാന്‍ ഒരു വെടിയുതിര്‍ത്താല്‍ എണ്ണമറ്റ ബുളളറ്റുകള്‍ കൊണ്ട് പ്രത്യാക്രമണം നടത്തുമെന്ന് രാജ്‌നാഥ് സിങ് മുന്നറിയിപ്പ് നല്‍കി. 

അയല്‍പക്ക രാജ്യമെന്ന നിലയില്‍ പാക്കിസ്ഥാനെതിരെ ആദ്യം ആക്രമണം അഴിച്ചുവിടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. അയയല്‍രാജ്യങ്ങളുമായി സമാധാനവും ഐക്യവുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യക്ക് ലഭിക്കുന്നത് വ്യത്യസ്ത അനുഭവമാണ്. ഇന്ത്യയുടെ അവിഭാജ്യഘടകമായ ജമ്മുകശ്മീരിനെ തകര്‍ക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്.ഇതിനായി ഇന്ത്യന്‍ സേനയ്ക്ക് നേരെ തുടര്‍ച്ചയായി പാക്കിസ്ഥാന്‍ ആക്രമണം അഴിച്ചുവിടുന്നുവെന്നും രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തി. അതിനാല്‍ പാക്കിസ്ഥാന്‍ ഒരു വെടിയുതിര്‍ത്താല്‍ എണ്ണമറ്റ ബുളളറ്റുകള്‍ കൊണ്ട് പ്രത്യാക്രമണം നടത്താന്‍ സേനയോട് ഉത്തരവിടുന്നതായി രാജ്‌നാഥ് സിങ് അറിയിച്ചു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ത്രിപുരയില്‍ എത്തിയതാണ് രാജ്‌നാഥ് സിങ്. രണ്ട് ദശാബ്ദം സംസ്ഥാനം ഭരിച്ച സിപിഎം വികസനം കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടുവെന്ന് രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ 35 വര്‍ഷത്തെ ഭരണത്തില്‍ സിപിഎം തകര്‍ന്നു. സമാനമായ ദുര്‍ഭരണമാണ് ത്രിപുരയിലും സംഭവിക്കുന്നതെന്ന് രാജ്‌നാഥ് സിങ് ആരോപിച്ചു.