ഭാര്യയെ കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചു; ഭര്‍ത്താവ് പോലീസ് പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2018 11:14 AM  |  

Last Updated: 04th February 2018 11:14 AM  |   A+A-   |  

murder

ന്യൂഡല്‍ഹി: ഭാര്യയെ കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 30 കാരന്‍ സുരേഷ് സിങ്ങാണ് പൊലീസ് പിടിയിലായത്. ജനുവരി 11നാണ് ഇയാള്‍ ഭാര്യ മരിയ മാസിയെ കൊന്നത്. മരിയയുടെ മൃതദേഹം കട്ടിലിനടിയില്‍ ഒഴിപ്പിച്ച ശേഷം ഇയാള്‍ അവിടെനിന്ന് കടന്നുകളയുകയായിരുന്നു.  ഉത്തരാഖണ്ഡിലെ സ്വന്തം ഗ്രാമത്തിലേക്ക് പോയ ഇയാള്‍ അവിടെ നിന്ന് നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് ഈ മാസം രണ്ടാം തിയതി ഇയാളെ പോലീസ് പിടികൂടിയത്. 

ഫിസിയോതെറാപ്പിസ്റ്റായ സുരേഷ്  രണ്ടു സ്ത്രീകളെ വിവാഹം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. 2012ല്‍ ഫേസ്ബുക്കിലൂടെയാണ് സുരേഷും മരിയയും പരിചയത്തിലാകുന്നത്. വിവാഹിതരാകുന്നതിന് മുമ്പേ ഇരുവരും ഒന്നിച്ച് താമസിക്കാന്‍ ആരംഭിച്ചിരുന്നെന്നും പോലീസ് പറയുന്നു. എന്നാല്‍ ഇടയ്ക്ക് സ്വന്തം നാട്ടില്‍ പോയപ്പോള്‍ സുരേഷ് അവിടെ ലത എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നു. ലതയുമായുള്ള സുരേഷിന്റെ വിവാഹവാര്‍ത്തയറിഞ്ഞ മരിയ തന്നെയും വിവാഹം ചെയ്യണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഡെറാഡൂണിലെ ആര്യ സമാജം മന്ദിറില്‍ വച്ച് വിവാഹിതരായി. ഭര്‍ത്താവിന്റെ രണ്ടാം വിവാഹമറിഞ്ഞ ആദ്യ ഭാര്യ ഇയാളെ മരിയയുമായുള്ള ബന്ധത്തിന്‍ നിന്ന് പിന്തിരിയാന്‍ നിര്‍ബന്ധിച്ചു. ഇതാണ് മരിയയെ കൊലപ്പെടുത്താനുണ്ടായ കാര്യമെന്നാണ് പോലീസ്  ചോദ്യം ചെയ്തപ്പോള്‍ സുരേഷ് പറഞ്ഞ കാരണം. 

മരിയയെ കൊലപ്പെടുത്തി ഏകദേശം 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചത്. മരിയയെ അന്വേഷിച്ച് സഹോദരന്‍ മരിയയുടെ മുന്‍ ഭര്‍ത്താവ് ഉസ്മാനെ ഫോണില്‍ വിളിച്ചപ്പോള്‍ മുതലാണ് മരിയയെ കാണാതായെന്ന വിവരം മനസിലാക്കുന്നത്. മരിയയുടെ രണ്ടാം വിവാഹത്തെ കുറിച്ച് അറിയാമായിരുന്ന ഉസ്മാന്‍ സുരേഷും മരിയയും താമസിച്ചിരുന്ന വീട്ടില്‍ പോയി അന്വേഷിക്കുകയായിരുന്നു. വാതില്‍ അടഞ്ഞുകിടക്കുന്നതുകണ്ട് ഉസ്മാര്‍ സുരേഷിനെ ഫോണില്‍ വിളിച്ചെങ്കിലും ഇയാള്‍ ഫോണ്‍ എടുത്തില്ല. പകരം മരിയയുമായി ബംഗളൂരുവിലാണെന്ന് സന്ദേശമയച്ചു. സുരേഷിന്റെ മറുപടിയില്‍ സംശയം തോന്നിയ ഉസ്മാന്‍ പിറ്റേ ദിവസം സമീപവാസികളുടെ സഹായത്തോടെ വീട് തുറന്നപ്പോഴാണ് മരിയയുടെ മൃതദേഹം കണ്ടത്.