മുസ്ലീം യുവതിയുമായുളള പ്രണയത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ഹിന്ദു യുവാവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കണം: ബിജെപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2018 08:02 PM  |  

Last Updated: 04th February 2018 08:02 PM  |   A+A-   |  

 

ന്യൂഡല്‍ഹി: മുസ്‌ലിം യുവതിയെ പ്രണയിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കൊല്ലപ്പെട്ട അങ്കിതിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. അങ്കിതിന്റെ കുടുംബത്തെ സന്ദര്‍ശച്ചതിന് പിന്നാലെയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് ബി.ജെ.പി അദ്ധ്യക്ഷന്‍ മനോജ് തിവാരി ഇക്കാര്യം ആവശ്യപ്പെട്ടത്.

കൊലപാതകവുമായി ബന്ധപ്പെട്ട് കെജ്‌രിവാള്‍ തുടരുന്ന മൗനം അവസാനിപ്പിക്കണമെന്നും സംഭവത്തിന് വര്‍ഗീയനിറം കൊടുക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ, അച്ഛന്‍, അമ്മാവന്‍, സഹോദരന്‍ എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് മുസ്ലീം യുവതിയുമായി പ്രണയത്തിലായിരുന്ന അങ്കിതിനെ നടുറോഡില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ വെട്ടിക്കൊന്നത്.

ഇരുപത് വയസുള്ള യുവതിയുമായി കൊല്ലപ്പെട്ട അങ്കിത് മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തിന് പെണ്‍കുട്ടിയുടെ കുടുംബം എതിരായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന അങ്കിതിനെ പെണ്‍കുട്ടിയുടെ കുടുംബം ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് അങ്കിതിന്റെ അമ്മ പുറത്ത് വന്നപ്പോള്‍ മകന്‍ കുത്തേറ്റ് കിടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.