രാജസ്ഥാനിലെ തോല്‍വിക്ക് പിന്നാലെ ബീഹാറിലും ബിജെപിയുടെ തലവേദന ഒഴിയുന്നില്ല

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 04th February 2018 05:22 PM  |  

Last Updated: 04th February 2018 05:22 PM  |   A+A-   |  

 

ന്യൂഡല്‍ഹി: രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ബീഹാറില്‍ ബിജെപിക്ക് തലവേദനയാകുന്നു. ജെഡിയുമായി വീണ്ടും സഖ്യത്തിലേര്‍പ്പെട്ടതിന് പിന്നാലെ ബിജെപിയുടെ നിഴലില്‍ ഒതുങ്ങി നിന്ന ചെറുപാര്‍ട്ടികളാണ് ഇപ്പോള്‍ പത്തിവിടര്‍ത്തുന്നത്. ഒരു ഘട്ടത്തില്‍ മുന്നണിയില്‍ നിന്നും പുറത്തുപോകുമോയെന്ന് വരെ ഇവര്‍ ഭയപ്പെട്ടിരുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പ് രണ്ട് വര്‍ഷം കഴിഞ്ഞാണെങ്കിലും ഇത് ഒരു അസുലഭ അവസരമായി കണ്ടാണ് ചെറുപാര്‍ട്ടികള്‍ ബിജെപിക്കെതിരെ തിരിയുന്നത്. 

മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാജിയും കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹായുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടിയുമാണ് രാജസ്ഥാനില്‍ ബിജെപിക്കേറ്റ തിരിച്ചടി ആയുധമാക്കുന്നത്. 2020ല്‍ ബീഹാറില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടിക്ക് 50 സീറ്റുകള്‍ നല്‍കണമെന്നാണ് മാജിയുടെ ആവശ്യം. 50 സീറ്റെങ്കിലും ലഭിച്ചാല്‍ മാത്രമേ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരോട് നീതി പുലര്‍ത്താനാകുകയുളളുവെന്നും മാജി തുറന്നുപറയുന്നു. 

2015 നിയമസഭ തെരഞ്ഞെടുപ്പില്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയില്‍ നിന്നും മാജി മാത്രമാണ് വിജയിച്ചത്. ഇതിനിടെ ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റാന്‍ ലാലുപ്രസാദ് യാദവും നിതീഷ് കുമാറും ചേര്‍ന്ന് രൂപം നല്‍കിയ വിശാല സഖ്യത്തില്‍ ചേരാന്‍ മാജിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ അതിസമര്‍ത്ഥമായി കരുക്കള്‍ നീക്കിയ ബിജെപി മാജിയെ എന്‍ഡിഎ ക്യാമ്പില്‍ എത്തിച്ചു. അടുത്തിടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്റെ ബുളളറ്റ് പ്രൂഫ് കാര്‍ മാജിക്ക് സമ്മാനമായി നല്‍കിയിരുന്നു.

ഒരുഘട്ടത്തില്‍ നീതിഷ് കുമാറിന്റെ മുഖ്യ വിമര്‍ശകനായിരുന്നു കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹാ. ജെഡിയു എന്‍ഡിഎ മുന്നണിയില്‍ വന്നതോടെ കുശ്‌വാഹാ നിലപാട് മയപ്പെടുത്തി.  നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ അര്‍ഹതപ്പെട്ട പ്രാതിനിധ്യം ലഭിച്ചില്ലെങ്കിലും  മുന്നണിക്ക് ഭീഷണിയാകുന്ന നിലപാട് ഇതുവരെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. 

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപികരണം അസാധ്യമാണെന്ന് ലോക് സമത പാര്‍ട്ടി അവകാശപ്പെടുന്നു. കുശ്‌വാഹയെ മുഖ്യമന്ത്രി സ്ഥാനത്തേക്കും പാര്‍ട്ടി ഉയര്‍ത്തി കാട്ടുന്നു. ഇതിനിടെ എന്‍ഡിഎ മുന്നണിയില്‍ നിന്നും സ്വയം പുറത്തുപോകാതെ , ബിജെപിയെ കൊണ്ട് പുറത്താക്കാനുളള നീക്കങ്ങളും പാര്‍ട്ടിയില്‍ നടക്കുന്നുണ്ട്. ഇതിലുടെ സഹതാപ തരംഗം സൃഷ്ടിക്കാമെന്നാണ് കണക്കുകൂട്ടല്‍.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ 40 സീറ്റുകളില്‍ 31 എണ്ണവും എന്‍ഡിഎ മുന്നണിയാണ് നേടിയത്. ജെഡിയു ഒഴികെയുളള സീറ്റുനിലയാണ്. 2014ല്‍ ജെഡിയു തനിച്ചാണ് മത്സരിച്ചത്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജെഡിയുവിന് അര്‍ഹതപ്പെട്ട പ്രാതിനിധ്യം നല്‍കേണ്ടിവരും. ഇതും തങ്ങളുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്ന കണക്കുകൂട്ടി മാജിയും കുശ്‌വാഹയും തന്ത്രപരമായി നീങ്ങുകയാണെന്നും വിലയിരുത്തുന്നു.


 

TAGS
bjp bihar