ബജറ്റിലെ അവഗണന പാര്‍ലമെന്റില്‍ ഉന്നയിക്കും; എന്‍ഡിഎ വിടാനില്ലെന്ന് ചന്ദ്രബാബുനായിഡു 

ചന്ദ്രബാബുനായിഡുവിന്റെ ടിഡിപി പാര്‍ട്ടി എന്‍ഡിഎയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു
ബജറ്റിലെ അവഗണന പാര്‍ലമെന്റില്‍ ഉന്നയിക്കും; എന്‍ഡിഎ വിടാനില്ലെന്ന് ചന്ദ്രബാബുനായിഡു 

അമരാവതി: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ ഇടപെടല്‍ ഫലം കണ്ടതായി സൂചന. ചന്ദ്രബാബുനായിഡുവിന്റെ ടിഡിപി പാര്‍ട്ടി എന്‍ഡിഎയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. ബജറ്റിലെ അവഗണനയില്‍ പ്രതിഷേധിച്ച് ടിഡിപി എന്‍ഡിഎ മുന്നണി വിടുമെന്ന സൂചനകള്‍ ശക്തമായിരുന്നു. എന്നാല്‍ അമിത് ഷായുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ടിഡിപി മുന്നണിയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.


എന്നാല്‍ അമിത് ഷാ ചന്ദ്രബാബു നായിഡുവുമായി ഫോണില്‍ ആശയവിനിമയം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ടിഡിപി നിഷേധിച്ചു. ടിഡിപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം കേന്ദ്രമന്ത്രി വൈ എസ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചത് പാര്‍ലമെന്റില്‍ ഉന്നയിക്കാനും ടിഡിപി ഉന്നതതലയോഗം തീരുമാനിച്ചു. ബജറ്റില്‍ ആന്ധ്രയുടെ വികസനത്തിന് തുക നീക്കിവെയ്ക്കാതിരുന്നത് മാത്രമാണ് ടിഡിപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നും ചൗധരി പറഞ്ഞു. ടിഡിപി എന്‍ഡിഎ സഖ്യം വിടുന്നു എന്നത് ഊഹാപോഹം മാത്രമാണെന്നും ചൗധരി ചൂണ്ടികാട്ടി.

നേരത്തെ ദേശീയ ജനാധിപത്യ സഖ്യം വിടുന്നത് സംബന്ധിച്ചുളള ടിഡിപിയുടെ നിര്‍ണായക യോഗം നടക്കവേ, ചന്ദ്രബാബു നായിഡുവിനെ അനുനയിപ്പിക്കാന്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ഇടപെടല്‍ നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  മുന്നണി വിടുന്നത് അടക്കമുളള കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്ന് ചന്ദ്രബാബു നായിഡുവിനോട് അമിത് ഷാ അഭ്യര്‍ത്ഥിച്ചു. സഖ്യം വിടുന്നത് സംബന്ധിച്ച് പുനരാലോചന നടത്തണമെന്നും അമിത് ഷാ ഫോണിലുടെ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com