പ്രായപൂര്‍ത്തിയായ രണ്ടു പേരുടെ വിവാഹത്തില്‍ ഒരാള്‍ക്കും ഇടപെടാനാവില്ല: സുപ്രിം കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2018 12:36 PM  |  

Last Updated: 05th February 2018 12:36 PM  |   A+A-   |  

supreme-courthmn,n

 

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ സമ്മതത്തോടെ വിവാഹം കഴിക്കുന്നതില്‍ ഒരാള്‍ക്കും ഇടപെടാനാവില്ലെന്ന് സുപ്രിം കോടതി. ജാതിപ്പഞ്ചായത്തുകളുടെ ഇടപെടലുകള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രിം കോടതിയുടെ പരാമര്‍ശം.

ഏതൊക്കെ വിവാഹങ്ങളാണ് സാധുവായത്, ഏതൊക്കെയാണ് അസാധു എന്നൊന്നും മറ്റുള്ളവര്‍ക്കു പറയാനാവില്ല. ഏതൊക്കെയാണ് നല്ല വിവാഹമെന്നോ ഏതാണ് മോശം വിവാഹമെന്നോ വിധിക്കാനാവില്ല, മാറി നില്‍ക്കുക മാത്രമാണ് പ്രായപൂര്‍ത്തിയായവര്‍ സമ്മതത്തോടെ നടത്തുന്ന വിവാഹത്തില്‍ മറ്റുള്ളവര്‍ക്കു ചെയ്യാവുന്ന കാര്യമെന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു.

ജാതി മറികടന്നു വിവാഹം ചെയ്യുന്നതിന്റെ പേരില്‍ പ്രായപൂര്‍ത്തിയായ രണ്ടു പേരുടെ വിവാഹത്തില്‍ ജാതി പഞ്ചായത്തുകളോ മറ്റേതെങ്കിലും സംഘടനയോ ഇടപെടുന്നത് തികച്ചും നിയമവിരുദ്ധമാണെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രായപൂര്‍ത്തിയായ രണ്ടു പേരുടെ സമ്മതത്തോടെയുള്ള വിവാഹത്തെ ഒരു സമൂഹത്തിനും ചോദ്യം ചെയ്യാനാവില്ല.- കോടതി വിശദീകരിച്ചു.

ദുരഭിമാനക്കൊലകള്‍ തടയുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണിയിലുള്ളത്.