വസുന്ദര രാജെയെ തെറിപ്പിക്കാന്‍ ശ്രമം;  ഉപതെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് ബിജെപി നേതാവ് അമിത് ഷായ്ക്ക് കത്തു നല്‍കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2018 05:44 PM  |  

Last Updated: 05th February 2018 05:44 PM  |   A+A-   |  

raje

 

രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയം ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ ഈ പരാജയത്തോടെ ശരിക്കും പണി കിട്ടിയത് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ദര രാജെയ്ക്കാണ്. പരാജയത്തിന് പിന്നാലെ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിനെതിരേ ഒരു വിഭാഗം രംഗത്തുവന്നിരിക്കുകയാണ്. കൊട്ട ജില്ലയിലെ ബിജെപി യൂണിറ്റിലെ ഒബിസി വിഭാഗം പ്രസിഡന്റാണ് അധികാരമാറ്റം ആവശ്യപ്പെട്ട ബിജെപി പ്രസിഡന്റ് അമിത് ഷായ്ക്ക് കത്തെഴുതിയത്. എന്നാല്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് മുഖ്യമന്ത്രിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തി. 

വസുന്ദര രാജെയുടെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ സ്ന്തുഷ്ടരല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം താഴ്ന്നുകൊണ്ടിരിക്കുകയാണെന്നും ഒബിസി വിഭാഗം പ്രസിഡന്റ് അശോക് ചൗധരി കത്തില്‍ പറഞ്ഞു. പാര്‍ട്ടിക്ക് അനുകൂലമായ ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട പ്രവര്‍ത്തകര്‍ നിരാശരായെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി സംസ്ഥാന പ്രസിഡന്റ് അശോക് പര്‍നാമിയേയും ചൗധരി രൂക്ഷമായി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ അടിമയെപ്പോലെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്. ഇതിലൂടെ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണുണ്ടാകുന്നത്. അദ്ദേഹത്തിന് പാര്‍ട്ടിയിലുള്ള സ്ഥാനം കുറഞ്ഞുവരികയാണ്. പാര്‍ട്ടി പ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമൊന്നും പ്രവര്‍ത്തന ശൈലിയില്‍ സന്തുഷ്ടരല്ല ചൗധരി കൂട്ടിച്ചേര്‍ത്തു. വസുന്ദര രാജെ ബ്യൂറോക്രാറ്റിക് ചക്രവ്യൂഹത്തിലാണെന്നും ഇത് പരാജയത്തിലേക്കാണ് പാര്‍ട്ടിയെ കൊണ്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ചൗധരിയുടെ ആരോപണങ്ങളെ തള്ളി കൊട പാര്‍ട്ടി പ്രസിഡന്റ് ഹേമന്ദ് വിജയ് രംഗത്തെത്തി. വസുന്ദര രാജയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. അശോക് പര്‍നാമിയേയും ഹേമന്ദ് പ്രതിരോധിച്ചു. 

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കേറ്റ തിരിച്ചടിക്ക് വലിയ പ്രാധാന്യമാണുള്ളത്.  ഉപതെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തിയത്.