'സ്‌കില്‍ ഇന്ത്യ' പൊളിഞ്ഞു, നടക്കുന്നത് 'കില്‍' ഇന്ത്യയെന്ന് ഗുലാം നബി ആസാദ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2018 05:19 PM  |  

Last Updated: 05th February 2018 05:19 PM  |   A+A-   |  

gulam_nabi

 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്‌കില്‍ ഇന്ത്യ പദ്ധതി വിജയമല്ലെങ്കിലും കില്‍ ഇന്ത്യ നല്ലപോലെ നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്റ്റാര്‍ട്ട് അപ് ഇന്ത്യ ഇതുവരെ സ്റ്റാര്‍ട്ട് ചെയ്യാന്‍ പോലും ആയിട്ടില്ല. സ്റ്റാന്‍ഡ് അപ് ഇന്ത്യ നില്‍ക്കുന്നതിനു മുമ്പേ ഇരുന്നുപോയെന്നും ആസാദ് രാജ്യസഭയില്‍ പറഞ്ഞു.

ഒരൊറ്റ തൊഴിലവസരം പോലും സൃഷ്ടിച്ചില്ല എന്നതിനാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പുതിയ റെക്കോഡിട്ടിരിക്കുകയാണ് സര്‍ക്കാരെന്ന് ഗുലാം നബി ആസാദ് പരിഹസിച്ചു. പത്തു കോടി തൊഴിലാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. ഓരോ വര്‍ഷവും രണ്ടു കോടി വീതം. ബജറ്റില്‍ അതിനെക്കുറിച്ച് പരാമര്‍ശം പോലുമില്ല. 

ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളെക്കുറിച്ചു ചോദിക്കുമ്പോള്‍ 2022ല്‍ നടപ്പാവുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അരുണ്‍ ജയറ്റ്‌ലി അവതരിപ്പിച്ചിരിക്കുന്നത് നാലു വര്‍ഷത്തേക്കുള്ള ബജറ്റ് ആണോയെന്ന് ഗുലാം നബി ചോദിച്ചു. 

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി 161 ജില്ലകളില്‍നിന്ന് 600 ജില്ലകളിലേക്കു വ്യാപിപ്പിച്ചപ്പോള്‍ വിഹിതം 200 കോടിയില്‍നിന്ന് 280 കോടി ആയി മാത്രമാണ് ഉയര്‍ത്തിയത്. 800 കോടിയെങ്കിലുമായി അത് ഉയര്‍ത്തണമായിരുന്നു. രാജ്യം അങ്ങേയറ്റം അരക്ഷിതമായിരിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ ഈ സര്‍ക്കാര്‍ എ്ന്താണ് ചെയ്യുന്നത്? ഇതോണോ പുതിയ ഇന്ത്യ? നിര്‍ഭയ സംഭവമുണ്ടായപ്പോള്‍ യുപിഎ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നുവെന്ന് ആസാദ് ചൂണ്ടിക്കാട്ടി.