ഒരു സിറിഞ്ചില്‍ നിന്ന് ഇഞ്ചക്ഷനെടുത്ത 21 പേര്‍ക്ക് എച്ച്‌ഐവി ബാധ; വ്യാജഡോക്റ്റര്‍ക്കെതിരേ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2018 01:08 PM  |  

Last Updated: 06th February 2018 01:08 PM  |   A+A-   |  

hiv

 

ത്തര്‍പ്രദേശില്‍ ഒരു സിറിഞ്ചില്‍ നിന്ന് ഇഞ്ചക്ഷന്‍ എടുത്ത 21 പേര്‍ക്ക് എച്ച്‌ഐവി ബാധ. വ്യാജ ഡോക്റ്ററിന്റെ ശ്രദ്ധക്കുറവാണ് 21 പേരുടെ ജീവിതം തകര്‍ത്തത്. സംഭവത്തെത്തുടര്‍ന്ന് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

സംസ്ഥാനത്തെ ഉന്നൗവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ആ മേഖലയിലുള്ളവരില്‍ എച്ച്‌ഐവി ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചതിനെത്തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസറായ ഡോ. എസ്.പി. ചൗധരി പറഞ്ഞു. 

രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചതിലെ കാരണം അറിയാന്‍ രണ്ടംഗ കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയത്. ഇവര്‍ രോഗത്തെക്കുറിച്ച് നടത്തിയ അന്വേഷണമാണ് സംഭവം പുറത്തുവരാന്‍ കാരണമായത്. ജനുവരിയില്‍ പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ആരോഗ്യ ക്യാമ്പുകളിലായി 566 പേരാണ് പരിശോധന നടത്തിയത്. ഇതില്‍ നിന്ന് 21 പേര്‍ക്ക്് എച്ച്‌ഐവി ബാധിച്ചിരിക്കുന്നതായി കണ്ടെത്തി. 

അടുത്തുള്ള ഗ്രാമത്തില്‍ താമസിക്കുന്ന രാജേന്ദ്ര കുമാര്‍ എന്ന വ്യാജ ഡോക്റ്ററാണ് ഒരു സിറിഞ്ച് ഉപയോഗിച്ച് നിരവധിപേര്‍ക്ക് ഇഞ്ചക്ഷന്‍ നല്‍കിയത്. കുറഞ്ഞ ചിലവില്‍ ഇയാള്‍ ചികിത്സ നല്‍കുന്നതിനാല്‍ കൂടുതല്‍ പേരും ഇയാളുടെ അടുത്താണ് ചികിത്സയ്ക്ക് എത്തുന്നത്. ഇതാണ് കൂട്ടമായി എച്ച്‌ഐവി ബാധിക്കാന്‍ കാരണമായത്. രോഗം ബാധിച്ചവരെയെല്ലാം കാന്‍പൂരിലെ ആന്റിറിട്രോവൈറല്‍ തെറാപ്പി സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉത്തര്‍ പ്രദേശ് ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് പറഞ്ഞു.