കേന്ദ്ര സര്‍ക്കാര്‍ കൊണ്ടിടുന്ന ചവറു പെറുക്കുകയല്ല കോടതിയുടെ ജോലി; രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2018 01:17 PM  |  

Last Updated: 06th February 2018 01:17 PM  |   A+A-   |  

supreme-courthmn,n

 

ന്യൂഡല്‍ഹി:  അപൂര്‍ണ വിവരങ്ങള്‍ അടങ്ങിയ ഭീമന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടിടുന്ന ചവറു പെറുക്കുകയല്ല സുപ്രിം കോടതിയുടെ ജോലിയെന്ന് ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂറും ദീപക് ഗുപ്തയും അടങ്ങിയ ബെഞ്ച് ഓര്‍മിപ്പിച്ചു. കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലം സ്വീകരിക്കാനാവില്ലെന്ന് ബെഞ്ച് അറിയിച്ചു.

ഖരമാലിന്യ ശേഖരം സംബന്ധിച്ച കേസിലാണ് കേന്ദ്രം 845 പേജുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചത്. സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അപൂര്‍ണമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

''എന്താണ് നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്? കോടതിയെ ഇംപ്രസ് ചെയ്യാനുള്ള ശ്രമമാണോ? എല്ലാം ഇവിടെക്കൊണ്ടുവന്നത് തട്ടുകയാണോ? ഇതൊന്നും സ്വീകരിക്കാനാവില്ല. എല്ലാ ചവറും ഇവിടെ കൊണ്ടിടാനാവില്ല. അതു പെറുക്കുകയല്ല കോടതിയുടെ ജോലി- ബെഞ്ച്് ഓര്‍മിപ്പിച്ചു. 845 പേജുളള സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടും കോടതിയുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമായി മറുപടി നല്‍കാനാവാതെ വന്നപ്പോഴാണ് ബെഞ്ച് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.  

കാര്യങ്ങള്‍ വ്യ്ക്തമാക്കി ചാര്‍ട്ട് രൂപത്തില്‍ മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രത്തിനു നിര്‍ദേശം നല്‍കി. ഖരമാലിന്യ നിര്‍മാര്‍ജന ചട്ടങ്ങള്‍ പ്രകാരം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിക്കണം.