"രാഹുല്‍ ഗാന്ധി ഉണരുന്ന ഇന്ത്യയുടെ പ്രതീകം" ; രാഹുലിനെ പ്രകീര്‍ത്തിച്ച് മുതിര്‍ന്ന സിപിഎം നേതാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2018 12:58 PM  |  

Last Updated: 06th February 2018 12:58 PM  |   A+A-   |  

 

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ച് സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് രംഗത്ത്.  ഉണരുന്ന ഇന്ത്യയുടെയും ഉണരുന്ന കോണ്‍ഗ്രസിന്റെയും പ്രതീകമാണ് രാഹുല്‍ ഗാന്ധിയെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി പ്രകാശ് കാരാട്ട്-സീതാറാം യെച്ചൂരി വിഭാഗങ്ങള്‍ തമ്മില്‍ ഉള്‍പ്പാര്‍ട്ടി തര്‍ക്കം തുടരുന്നതിനിടെയാണ്, രാഹുലിനെ പ്രകീര്‍ത്തിച്ച് മുതിര്‍ന്ന നേതാവ് തന്നെ രംഗത്തെത്തുന്നത്. 

ഇ അഹമ്മദ് അനുസ്മരണ സമ്മേളനത്തിലാണ് മുഹമ്മദ് സലിം രാഹുലിനെ പ്രശംസ കൊണ്ട് മൂടിയത്. ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ വരെ ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണ്. അഞ്ചു വര്‍ഷം മുമ്പ്  ഭക്ഷ്യസുരക്ഷയെക്കുറിച്ചാണു രാജ്യം ചര്‍ച്ച ചെയ്തത്. എന്നാല്‍ ഇന്ന് ജനങ്ങള്‍ എന്തു ഭക്ഷിക്കണമെന്ന് ഭരണകര്‍ത്താക്കള്‍ തീരുമാനിക്കുന്ന നിലയിലേക്കു കാര്യങ്ങള്‍ മാറിയിരിക്കുന്നുവെന്ന് മുഹമ്മദ് സലിം പറഞ്ഞു. 

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തെലങ്കാനയില്‍ ആയതിനാലാണ്, പകരം പ്രതിനിധിയായി മുഹമ്മദ് സലിം യോഗത്തില്‍ സംബന്ധിച്ചത്. യോഗത്തില്‍ രാഹുല്‍ഗാന്ധിക്ക് പുറമെ, കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി. തോമസ് തുടങ്ങിവരും സംബന്ധിച്ചു.