റാഫേല്‍ കരാര്‍ വിവരങ്ങള്‍ പുറത്തുപറയാനാവില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍; പറഞ്ഞെ മതിയാകൂവെന്ന് പ്രതിപക്ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2018 05:59 PM  |  

Last Updated: 06th February 2018 06:07 PM  |   A+A-   |  

 

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍.കോണ്‍ഗ്രസ് എംപി രാജീവ് ഗൗഡയുടെ ചോദ്യത്തിനുത്തരമായാണ് നിര്‍മ്മലാ സീതാരാമന്റെ മറുപടി. ഫ്രഞ്ചു കമ്പനിയായ ദസാള്‍ട്ടില്‍ നിന്നും വാങ്ങുന്ന യുദ്ധ വിമാനകരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നായിരുന്നു കോണ്‍ഗ്രസ് എംപി പാര്‍ലമെന്റില്‍ പറഞ്ഞത്. 

ദസാള്‍ട്ടു കമ്പനിയുമായി കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും ഫ്രഞ്ച് സര്‍ക്കാരുമായാണ് ഉടമ്പടിയെന്നുമാണ് പ്രതിരോധമന്ത്രിയുടെ നടപടി. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവര്‍ രംഗത്തെത്തി.രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ പുറത്തുവിടാനാവില്ലെന്ന സര്‍ക്കാര്‍ വിശദീകരണത്തെ വിമര്‍ശിച്ചാണ് രാഹുല്‍ രംഗത്തെത്തിയത്. പാര്‍ലമെന്റില്‍ കരാര്‍ തുക സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയാല്‍ എങ്ങനെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയുാകുമെന്നും ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് എങ്ങനെ ദേശവിരുദ്ധമാകുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. 

പാര്‍ലമെന്റില്‍ വെളിപ്പെടുത്താനാകില്ലെന്ന പ്രതിരോധ മന്ത്രിയുടെ വാക്കുകളെ വിമര്‍ശിച്ച് സീതാറാം യെച്ചൂരി രംഗത്തെത്തി. പ്രതിരോധ മന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത് പാര്‍ലമെന്റ് പരമാധികാര സ്ഥാപനമല്ലെന്നാണെന്ന് യെച്ചൂരി പറഞ്ഞു. അതോ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എന്തെങ്കിലും മറച്ചുവെക്കാനുണ്ടോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ 2016 സെപ്റ്റംബറില്‍ ഒപ്പുവച്ചത്  അഞ്ചുവതവണ നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതിയുടെ അനുമതിയോടെയാണ് കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ അടിയന്തര ആവശ്യം കണക്കിലെടുത്തായിരുന്നു ഇത്. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറിന്മേല്‍ യു.പി.എ സര്‍ക്കാര്‍ പത്തുവര്‍ഷം അടയിരുന്നുവെന്നും ബിജെപി ആരോപിച്ചിരുന്നു.