സാരിക്കു പകരം ദേവിയെ ചുരിദാര്‍ അണിയിച്ചു, ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍, പൂജാരിമാരെ പുറത്താക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2018 09:54 AM  |  

Last Updated: 06th February 2018 09:54 AM  |   A+A-   |  

MAYUR

 

ചെന്നൈ: ക്ഷേത്രത്തിലെ ദേവീപ്രതിഷ്ഠയില്‍ പൂജാരി ചുരിദാര്‍ അണിയിച്ച് അലങ്കരിച്ചു. മയിലാടു തുറയില്‍ ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള മയൂരനാഥ സ്വാമി ക്ഷേത്രത്തിലാണ് ദേവീപ്രതിഷ്ഠയില്‍ പൂജാരിമാര്‍ ചുരിദാര്‍ അണിയിച്ച് അലങ്കരിച്ചത്. ആചാരങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് പൂജാരിമാരെ ക്ഷേത്രത്തില്‍നിന്നു പുറത്താക്കി.

ചന്ദനക്കാപ്പ് എന്ന ചടങ്ങിനായാണ് പൂജാരിമാര്‍ പുതിയ അലങ്കാരം പരീക്ഷിച്ചത്. ചന്ദനക്കാപ്പിനായി ദേവീപ്രതിഷ്ഠയെ സാരിയുടുപ്പിച്ച് അലങ്കരിക്കുകയാണ് ആചാരം. സഹപൂജാരിയും മുഖ്യപൂജാരിയുടെ മകനുമായ രാജ് ആണ് സാരി മാറ്റി ദേവിയെ ചുരിദാര്‍ അണിയിച്ചത്. ചുരിദാര്‍ ഉടുത്ത ദേവിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

ദേവിയെ ചുരിദാര്‍ ധരിപ്പിച്ച രാജ് തന്നെയാണ് ചിത്രമെടുത്ത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത് എന്നാണ് സൂചന. എ്ന്തായാലും പ്രതിഷേധം വ്യാപകമായതോടെ രാജിനെയും മുഖ്യപൂജാരിയായ പിതാവിനെയും ക്ഷേത്ര ഭാരവാഹികള്‍ പുറത്താക്കുകയായിരുന്നു.

ആരുടെയും പ്രേരണ കൊണ്ടല്ല, ഒരു മാറ്റത്തിനു വേണ്ടിയാണ് ദേവിയെ ചുരിദാര്‍ ഉടുപ്പിച്ചത് എന്നാണ് രാജ് നല്‍കുന്ന വിശദീകരണം. ക്ഷേത്ര ആചാരങ്ങളെ മുറിവേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വിശ്വാസികളോുടു മാപ്പു ചോദിക്കുന്നതായും രാജ് പറഞ്ഞു.