"അന്നു നല്‍കിയ വാഗ്ദാനങ്ങളെല്ലാം എവിടെ ?"  എംഎല്‍എയ്ക്ക് നേരെ ചെരിപ്പെറിഞ്ഞ് ജനക്കൂട്ടത്തിന്റെ പ്രതിഷേധം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2018 09:47 AM  |  

Last Updated: 06th February 2018 09:47 AM  |   A+A-   |  

 

കൊപ്പാള്‍ : കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം ചെയ്ത പദ്ധതികളെല്ലാം എവിടെയെന്ന് ചോദിച്ച് എംഎല്‍എയെ വളഞ്ഞ് ജനക്കൂട്ടം. വാഗ്ദാനം ചെയ്ത ശുചിമുറികളും ശുദ്ധജല സൗകര്യവും എവിടെ എന്നു ചോദിച്ചു തടിച്ചു കൂടിയ ജനങ്ങള്‍ എംഎല്‍എയ്ക്ക് നേരെ ചെരുപ്പെറിഞ്ഞ് പ്രതിഷേധിച്ചു. ജനതാദള്‍ (എസ്) എംഎല്‍എ ഇക്ബാല്‍ അന്‍സാരിക്ക് നേരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.  

കര്‍ണാടകയിലെ ഗംഗാവതി മണ്ഡലത്തില്‍ ഞായറാഴ്ച രാത്രി നടന്ന പൊതുപരിപാടിക്കിടെയാണ് സംഭവം അരങ്ങേറിയത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി എംഎല്‍എ മണ്ഡലത്തിലേക്ക് വരിക പോലും ചെയ്തിട്ടില്ലെന്ന് ആരോപിച്ച ജനങ്ങള്‍, ഇക്ബാല്‍ അന്‍സാരി പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ ചെരിപ്പും പ്ലാസ്റ്റിക് കുടങ്ങളും വലിച്ചെറിയുകയായിരുന്നു. 

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മണ്ഡലത്തില്‍ ഒരു ശുചിമുറി പോലും എംഎല്‍എ ഇടപെട്ട് നിര്‍മിച്ചിട്ടില്ലെന്നും, ശുദ്ധജല പ്രശ്‌നം ദിനംതോറും  രൂക്ഷമായി വരികയാണെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. 2017ല്‍ ഇവിടെ 50 പേര്‍ക്കു ചിക്കുന്‍ഗുനിയ ബാധിച്ചിരുന്നു. രോഗബാധയെ തുടര്‍ന്ന് ജനങ്ങള്‍ വലഞ്ഞപ്പോള്‍ പോലും എംഎല്‍എ തിരിഞ്ഞുനോക്കിയില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. 

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കര്‍ണാടക. അതിനിടെ ജനക്കൂട്ടം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത് ജനതാദള്‍ എസിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.