ബീഹാറില്‍ അടിത്തറ ശക്തമാക്കാന്‍ മോഹന്‍ ഭഗവതിന്റെ നേതൃത്വത്തില്‍ വിപുലീകരണ പദ്ധതിയുമായി ആര്‍എസ്എസ്;  സംസ്ഥാനത്തെ ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയാക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷം

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബീഹാറില്‍ സംഘത്തിന്റെ അടിത്തറ വിപുലീകരിക്കാന്‍ ആര്‍എസ്എസ് പദ്ധതിയിടുന്നു
ബീഹാറില്‍ അടിത്തറ ശക്തമാക്കാന്‍ മോഹന്‍ ഭഗവതിന്റെ നേതൃത്വത്തില്‍ വിപുലീകരണ പദ്ധതിയുമായി ആര്‍എസ്എസ്;  സംസ്ഥാനത്തെ ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയാക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷം

പാറ്റ്‌ന: അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബീഹാറില്‍ സംഘത്തിന്റെ അടിത്തറ വിപുലീകരിക്കാന്‍ ആര്‍എസ്എസ് പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനം കേന്ദ്രീകരിച്ചുളള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ബീഹാറില്‍ തമ്പടിക്കുന്നു. പത്തുദിനം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ വടക്കന്‍ ബീഹാറിലെ ഗ്രാമീണ കുടുംബങ്ങളില്‍ സ്വയംസേവകര്‍ സന്ദര്‍ശനം നടത്തുന്നുണ്ടോയെന്ന് മോഹന്‍ഭഗവത് ഉറപ്പുവരുത്തും. 

വടക്കന്‍ ബീഹാറിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന മുസഫര്‍പൂരില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന മോഹന്‍ ഭഗവത് സംഘത്തിന്റെ പ്രവര്‍ത്തനവും വിലയിരുത്തും. ഇതിനിടെ സംഘത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ പ്രവര്‍ത്തകരുമായി പങ്കുവെയ്ക്കുവാനും മോഹന്‍ ഭഗവത് സമയം കണ്ടെത്തും.

ദിവസങ്ങള്‍ക്ക് മുന്‍പ് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയത്. ഇത് ഗ്രാമീണ ജനതയെ ബോധ്യപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ മറ്റൊരു ലക്ഷ്യം. കാര്‍ഷിക മേഖലയില്‍ ആധുനികവല്‍ക്കരണത്തിന്റെ അനന്തസാധ്യതകളെ സംബന്ധിച്ച് പ്രവര്‍ത്തകരുമായി അദ്ദേഹം ആശയവിനിമയം നടത്തും.

സംഘടനയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ബീഹാറിനെ രണ്ടായി വിഭജിച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മോഹന്‍ ഭഗവതിന്റെ പതിവ് സംസ്ഥാന സന്ദര്‍ശനമാണെന്നാണ് പുറത്ത് പറയുന്നതെങ്കിലും ഗ്രാമീണ ബീഹാറില്‍ സംഘത്തിന്റെ അടിത്തറ ശക്തമാക്കുകയാണ് സംഘടനയുടെ മുഖ്യലക്ഷ്യം. നിലവില്‍ വടക്കന്‍ ബീഹാറില്‍ 1037 ശാഖകളാണ് സംഘത്തിനുളളത്. 2020 ഓടേ ഇത് 1500 ആക്കി ഉയര്‍ത്തുകയാണ് സംഘത്തിന്റെ മുഖ്യഅജന്‍ണ്ട.കഴിഞ്ഞ രണ്ടുവര്‍ഷത്തിനുളളില്‍ പുതിയതായി 225 പുതിയ ശാഖകളാണ് മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇത് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുമെന്ന് ആര്‍എസ്എസ് വൃത്തങ്ങള്‍ ചൂണ്ടികാണിക്കുന്നു.

ബജറ്റില്‍ കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്ക് വിഭാവനം ചെയ്ത പദ്ധതികള്‍ ഗ്രാമീണ ജനതയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നീണ്ട മാസങ്ങള്‍ ചെലവഴിക്കാനാണ് ആര്‍എസ്എസ് പദ്ധതിയിടുന്നത്. നവംബര്‍ വരെ നീണ്ടുനില്‍ക്കുന്ന പദ്ധതിക്കാണ് ആര്‍എസ്എസ് രൂപം നല്‍കിയിരിക്കുന്നത്. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കിസാന്‍ സ്വയം സേവകരുടെ സഹായത്തോടെ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. ഇവര്‍ക്ക് ഗ്രാമീണ ജനതയുമായുളള അടുത്ത ബന്ധം ഗുണം ചെയ്യുമെന്നും ആര്‍എസ്എസ് നേതൃത്വം വിലയിരുത്തുന്നു.

അതേസമയം അനധികൃത പശുക്കടത്ത് തടയുക എന്ന ലക്ഷ്യം കൂടി വടക്കന്‍ ബീഹാര്‍ കേന്ദ്രീകരിച്ചുളള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജീവ് കുമാര്‍ പറയുന്നു. വടക്കന്‍ ബീഹാര്‍ കേന്ദ്രീകരിച്ച് അനധികൃത പശുക്കടത്ത് വ്യാപകമാണ്. ഇതിന് തടയിട്ട് പശുസംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കാനും ആര്‍എസ്എസിന് പരിപാടിയുണ്ട്.

ജാതീയത മുറ്റിനില്‍ക്കുന്ന വടക്കന്‍ ബീഹാര്‍ ഹിന്ദുത്വത്തിന് നല്ല സാധ്യതയുളള പ്രദേശമാണെന്നും ആര്‍എസ്എസ് കണക്കുകൂട്ടുന്നു. വര്‍ഗീയ ധ്രുവീകരണം നടത്തി നേട്ടം കൊയ്യാനുളള സാധ്യതകളും മുന്നില്‍ കണ്ടാണ് ആര്‍എസ്എസിന്റെ ഓരോ ചുവടുവെയ്പ്പും.

തെക്കന്‍ ബീഹാര്‍  ഇടതുപക്ഷ സംഘടനകള്‍ക്ക് നല്ല വളക്കൂറുളള മണ്ണാണ്. അതിനാല്‍ വടക്കന്‍ ബീഹാറില്‍ സ്വാധീനം വര്‍ധിപ്പിച്ച് പിന്നിട് തെക്കന്‍ ബീഹാറിലേക്ക് ശ്രദ്ധ തിരിക്കുക എന്ന ആശയത്തിനാണ് ആര്‍എസ്എസ് രൂപം നല്‍കിയിരിക്കുന്നത്. അതിലുടെ ആര്‍എസ്എസിന്റെ രാഷ്ട്രീയ രൂപമായ ബിജെപിക്ക് നല്ല സ്വാധീനം ഉണ്ടാക്കാമെന്ന് ആര്‍എസ്എസ് കണക്കുകൂട്ടുന്നു.

ഇതിനിടെ മോഹന്‍ ഭഗവതിന്റെ ബീഹാര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. ബീഹാറിനെ ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയാക്കി മാറ്റാനുളള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com