'കശ്മീരിനെ ഇന്ത്യയോടു ചേര്‍ക്കാന്‍ പട്ടേലിനു നിര്‍ബന്ധമില്ലായിരുന്നു, ബിജെപി ചരിത്രം പഠിക്കണം'
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th February 2018 04:53 PM |
Last Updated: 07th February 2018 04:53 PM | A+A A- |

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റുവിനു പകരം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടേതാവുമായിരുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനെതിരെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനിയുടെ അടുത്ത അനുയായിയും കോളമിസ്റ്റുമായ സുധീന്ദ്ര കുല്‍ക്കര്‍ണി. കശ്മീരിനെ ഇന്ത്യയോടു കൂട്ടിച്ചേര്‍ക്കാന്‍ പട്ടേലിനു വലിയ താത്പര്യമൊന്നുമുണ്ടായിരുന്നില്ലെന്നും നെഹ്‌റുവാണ് കശ്മീരിനു വേണ്ടി നിര്‍ബന്ധം പിടിച്ചതെന്നും കുല്‍ക്കര്‍ണി ചൂണ്ടിക്കാട്ടി.
കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ പട്ടേലിനു നിര്‍ബന്ധമില്ലായിരുന്നുവെന്നു വിശദീകരിക്കുന്ന ലേഖനം ഷെയര്‍ ചെയ്തുകൊണ്ടാണ് കുല്‍ക്കര്‍ണി പ്രധാനമന്ത്രിയുടെ പ്രസംഗത്തോടു പ്രതികരിച്ചത്. ഇതു ബിജെപിക്കുള്ള ചരിത്രപാഠമാണെന്നും കുല്‍ക്കര്‍ണി ട്വീറ്റ് ചെയ്തു.
"If #SardarPatel would have been India's first PM, entire #Kashmir would've been ours": PM #Modi in Lok Sabha
— Sudheendra Kulkarni (@SudheenKulkarni) February 7, 2018
History lesson 2 for BJP:
Patel was not much eager to have Kashmir acceded into India.
However, #Nehru said Kashmir was his native land.
Read:https://t.co/p3XMhQiDqa https://t.co/ERwNbSlJ7V
ജുനഗഢ്, ഹൈദരാബാദ്, കശ്മീര്‍ എന്നീ മൂന്നു നാട്ടുരാജ്യങ്ങളാണ് ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മതിച്ചതെന്ന്, ഒരു ദിനപത്രം പ്രസിദ്ധീകരിച്ച് കുല്‍ക്കര്‍ണി ഷെയര്‍ ചെയ്ത ലേഖനത്തില്‍ പറയുന്നു. എണ്‍പതു ശതമാനം ഹിന്ദു ജനസംഖ്യയുള്ള ജുനഗഢിലെ മുസ്ലിം ഭരണാധികാരി പാകിസ്ഥാനില്‍ ചേരാനാണ് തീരുമാനിച്ചത്. നെഹ്‌റു മടിച്ചുനിന്നിട്ടും പട്ടേല്‍ അവിടേക്ക് സൈന്യത്തെ അയയ്ക്കുകയായിരുന്നു. അങ്ങനെയാണ് ജുനഗഢ് ഇന്ത്യയുടെ ഭാഗമായത്. 11 ശതമാനം മുസ്ലിംകള്‍ മാത്രമുള്ള ഹൈദരാബാദിലെ നൈസാം ഇന്ത്യയിലും പാകിസ്ഥാനിലും ചേരാതെ സ്വതന്ത്രമായി നില്‍ക്കാനാണ് തീരുമാനിച്ചത്. ഇവിടെയും സൈന്യത്തെ അയയ്ക്കുന്നതില്‍ നെഹ്‌റുവിന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഹൈദാരാബാദിലെ ഒരു വിഭാഗം മുസ്ലിംകള്‍ ഹിന്ദുക്കളെ ആക്രമിക്കുകയും അത് ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായി വളരുകയും ചെയ്യും എന്ന ഘട്ടം വന്നപ്പോള്‍ പട്ടേല്‍ സൈന്യത്തെ അയച്ചു.
കശ്മീരിന്റെ കാര്യത്തില്‍ ഇത്തരമൊരു കടുത്ത നിലപാട് പട്ടേലിനുണ്ടായിരുന്നില്ലെന്ന് ലേഖനത്തില്‍ പറയുന്നു. കശ്മീരിനെ പാകിസ്ഥാനില്‍ ചേര്‍ക്കാന്‍ അവിടത്തെ രാജാവ് ഹരിസിങ് തീരുമാനിച്ചാല്‍ പോലും തനിക്കു പ്രശ്‌നമില്ലെന്നായിരുന്നു പട്ടേല്‍ പറഞ്ഞത്. കശ്മീരിനെ ബലപ്രയോഗത്തിലൂടെ ഇന്ത്യയുടെ ഭാഗമാക്കിയാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഓര്‍ത്തായിരിക്കാം പട്ടേല്‍ അങ്ങനെയൊരു നിലപാടെടുത്തത് എന്നാണ് ലേഖനം പറയുന്നത്. എന്നാല്‍ നെഹ്‌റുവാണ് ഇവിടെ നിര്‍ബന്ധബുദ്ധിയോടെ നിലപാടെടുത്തത്. രാജാവുമായി ചര്‍ച്ചയ്ക്ക് മൗണ്ട് ബാറ്റണ്‍ ശ്രീനഗറിലേക്കു പോയത് നെഹ്‌റുവിന്റെ നിര്‍ബന്ധത്താലാണെന്നാണ് ലേഖനം ചൂണ്ടിക്കാട്ടുന്നത്.