കോണ്‍ഗ്രസ് വിഭജനത്തിനു കൂട്ടുനിന്നു, പട്ടേല്‍ പ്രധാനമന്ത്രിയായാല്‍ കശ്മീര്‍ പ്രശ്‌നം ഉണ്ടാവുമായിരുന്നില്ല: നരേന്ദ്ര മോദി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2018 01:19 PM  |  

Last Updated: 07th February 2018 01:19 PM  |   A+A-   |  

modi

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വിഭജിച്ചതിന് ഉത്തരവാദി കോണ്‍ഗ്രസാണെന്ന് മോദി കുറ്റപ്പെടുത്തി. 1947ല്‍ സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു പ്രധാനമന്ത്രിയെങ്കില്‍ കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമായിരുന്നേനെയെന്ന് മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തെ വിഭജിക്കുന്നതിനു കൂട്ടുനിന്നവരാണു കോണ്‍ഗ്രസ്. ആന്ധ്രാപ്രദേശിനെ വിഭജിച്ചതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ കാലത്തു മൂന്നു സംസ്ഥാനങ്ങള്‍ വിഭജിച്ചപ്പോള്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. രാജ്യത്തെ വിഭജിച്ചതിന്റെ ഫലം വര്‍ഷങ്ങളായിട്ടും ഇന്ത്യ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. 

പണ്ഡിറ്റ് നെഹ്‌റുവും കോണ്‍ഗ്രസുമാണു ജനാധിപത്യം കൊണ്ടുവന്നതെന്നാണ് അവര്‍ പറയുന്നത്. ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് അവര്‍ വായിച്ചിരിക്കുന്നതും പഠിച്ചിരിക്കുന്നതും ഇങ്ങനെയാണോ? എന്തൊരു അഹങ്കാരമാണിത്. ജനാധിപത്യം നമ്മുടെ സംസ്‌കാരത്തില്‍ തന്നെയുള്ളതാണ്. രാജ്യത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണു ജനാധിപത്യം. ജനാധിപത്യത്തോട് അവര്‍ക്കു യാതൊരു പ്രതിബദ്ധതയുമില്ല- മോദി ആരോപിച്ചു

അവര്‍ ഭരിച്ചിരുന്നപ്പോഴത്തെ 'സുവര്‍ണകാല'ത്തെക്കുറിച്ച് ഓര്‍മിപ്പിക്കുകയാണു കോണ്‍ഗ്രസ് ഇപ്പോഴും. എന്നാല്‍ അന്നു റേഡിയോ, ടെലിവിഷന്‍, പ്രതിപക്ഷം എല്ലാം അവരുടെ വശത്തായിരുന്നു എന്നതാണു സത്യം. ഹര്‍ജികളോ എന്‍ജിഒകളോ ഒന്നും അന്നുണ്ടായിരുന്നില്ല. യാഥാര്‍ഥ്യബോധത്തോടെ, സത്യസന്ധമായ പദ്ധതികള്‍ കൊണ്ടുവന്നിരുന്നെങ്കില്‍ ഇന്നുള്ളതിലും ഏറെ ദൂരം രാജ്യം മുന്നേറിയേനെ. വര്‍ഷങ്ങളോളം ഒരു കുടുംബത്തെ സേവിക്കുന്നതിനായി പാര്‍ട്ടി തങ്ങളുടെ എല്ലാ കഴിവും ഉപയോഗിച്ചു. ഒരു കുടുംബത്തിന്റെ താല്‍പര്യം മാത്രമായിരുന്നു രാജ്യത്തിന്റെ താല്‍പര്യം- മോദി കുറ്റപ്പെടുത്തി.