രണ്ട് ലക്ഷം രൂപക്ക് ഭാര്യയുടെ വൃക്ക വിറ്റു; സംഭവം ഭാര്യ അറിയുന്നത് രണ്ട് വര്‍ഷത്തിന് ശേഷം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 07th February 2018 11:06 AM  |  

Last Updated: 07th February 2018 11:06 AM  |   A+A-   |  

streekljlj

കൊല്‍ക്കത്ത: സ്ത്രീധന തുക നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയുടെ വൃക്ക രണ്ട് ലക്ഷം രൂപക്ക് വിറ്റു. ഇക്കാര്യം ഭാര്യ അറിയുന്നത് രണ്ട് വര്‍ഷം കഴിഞ്ഞ്. പശ്ചിമ ബംഗാളിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

രണ്ട് വര്‍ഷം മുന്‍പാണ് വയറുവേദനയെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖമാവുമെന്ന് ഡോക്ടര്‍ യുവതിയോട് ഉറപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വേദന കലശലായെന്നും താന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് തന്നെ ചികിത്സയ്ക്ക് കൊണ്ടുപോവാന്‍ തയ്യാറായില്ലെന്നും യുവതി  പൊലീസിന് നല്‍കിയ പരാതിയില്‍ വിശദീകരിച്ചു.

ശസ്ത്രക്രിയയെ കുറിച്ച് ആരോടും പറയരുതെന്ന് ഭര്‍ത്താവ് പറഞ്ഞത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മാത്രമാണ് മനസിലായതെന്ന് റിത പറഞ്ഞു. മൂന്നുമാസം മുമ്പ് കുടുംബമാണ് റിതയെ ആശുപത്രിയില്‍ എത്തിച്ചത്. കിഡ്‌നി ഇല്ലെന്ന കാര്യം അപ്പോള്‍ മാത്രമാണ് റിത അറിയുന്നത്. അതേസമയം ഭര്‍ത്താവിന്റെ സഹോദരന്‍ സ്ത്രീധനത്തിന്റെ പേരില്‍  വര്‍ഷങ്ങളായി പീഡിപിച്ചുവരികയാണെും അവര്‍ വ്യക്തമാക്കി. 

വൃക്ക നഷ്ടപ്പെട്ടുവെന്ന പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവായ ബിശ്വജിത് സര്‍ക്കാരിനെതിരെ യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് ഭര്‍ത്താവിനേയും സഹോദരനേയും പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ദമ്പതികള്‍ക്ക് 11 വയസുള്ള ഒരു മകനുണ്ട്. ചത്തീസ്ഗഡിലുള്ള ഒരു ബിസിനസുകാരന് രണ്ടുലക്ഷം രൂപക്ക് വൃക്ക വിറ്റതായി ഇരുവരും സമ്മതിച്ചു.