രാജ്യസഭ ചാനലിനെ ബിജെപി ചാനലാക്കരുത്; എംപിയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യാതിരുന്നതില്‍ പ്രതിപക്ഷ പ്രതിഷേധം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2018 07:40 PM  |  

Last Updated: 07th February 2018 07:40 PM  |   A+A-   |  

ന്യൂഡല്‍ഹി: ഡെറിക് ഒബ്രയിന്‍ എംപിയുടെ പാര്‍ലമെന്റ് പ്രസംഗം രാജ്യസഭ ടിവി സംപ്രേക്ഷണം ചെയ്യാതിരുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. രാജ്യസഭ ടിവിയെ ബിജെപി ടിവിയാക്കി മാറ്റാനുളള ശ്രമമാണോ നടക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ചോദിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള മറ്റു പാര്‍ട്ടികളും പ്രതിഷേധിച്ചു.വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 

രാജ്യസഭയില്‍ തന്റെ പ്രസംഗത്തിന്റെ തുടക്കത്തിലെ ആദ്യ ആറു മിനിറ്റ് വരെയുളള ഭാഗം രാജ്യസഭ ടിവി സംപ്രേക്ഷണം ചെയ്തില്ലെന്ന് ആരോപിച്ച് ഡെറിക് ഒബ്രയിന്‍ തന്നെയാണ് രംഗത്തുവന്നത്. എംപി എന്ന നിലയില്‍ തനിക്ക് നിങ്ങള്‍ സംരക്ഷണം നല്‍കണമെന്ന് ഒബ്രയിന്‍ ആവശ്യപ്പെട്ടു.

സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന്് പറഞ്ഞ രാജ്യസഭ ഉപാധ്യക്ഷനും ബിജെപി നേതാവുമായ സത്യനാരായണ ജാതിയ്യ, യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയിക്കുമെന്നും വ്യക്തമാക്കി. അതേസമയം ഇത് ഗുരുതരമായ പ്രശ്‌നമാണെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. രാജ്യസഭ ടിവിയെ ബിജെപി ടിവിയാക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 ബിജെപി സര്‍ക്കാര്‍ സൂപ്പര്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സഭയ്ക്ക് പുറത്തിറങ്ങിയ ഒബ്രയിന്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും വിമര്‍ശിക്കുന്ന തന്റെ പ്രസംഗത്തിലെ ഭാഗമാണ് സംപ്രേക്ഷണം ചെയ്യാതിരുന്നതെന്ന് ഒബ്രയിന്‍ ആരോപിച്ചു.