വ്യാജ അക്കൗണ്ട്: കോണ്‍ഗ്രസ് നേതാവ് രമ്യക്കെതിരെ ആരോപണവുമായി ബിജെപി

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 07th February 2018 03:21 PM  |  

Last Updated: 07th February 2018 03:21 PM  |   A+A-   |  

 

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും സോഷ്യല്‍ മീഡിയ വക്താവുമായ രമ്യ വീണ്ടും വിവാദത്തില്‍. തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ സോഷ്യല്‍മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കണമെന്ന് രമ്യ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തുവെന്നാണ് ആരോപണം.  ഒന്നില്‍ കൂടുതല്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കണമെന്നും അതില്‍ തെറ്റില്ലെന്നും രമ്യ പറയുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് ബിജെപി പുറത്തുവിട്ടത്.

അതേസമയം ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും എഡിറ്റു ചെയ്ത ദൃശ്യങ്ങളാണ്  പുറത്തുവിട്ടതെന്നും രമ്യ പറ്ഞ്ഞു. 
 വ്യാജ അക്കൗണ്ടുകള്‍, ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ എന്നിവയെ കുറിച്ചുള്ള പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്ന ഭാഗമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ തെറ്റല്ലെന്ന് പറഞ്ഞ ഭാഗമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ഔദ്യോഗിക പേജിലൂടെ അല്ലാതെ സ്വയം കൈകാര്യം ചെയ്യുന്ന അക്കൗണ്ടിലൂടെ പറയണം രമ്യ ട്വിറ്ററില്‍ കുറിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി, മാധ്യമ പ്രവര്‍ത്തക ഭാരതി ജെയിന്‍ തുടങ്ങിയവരുടെ ഒന്നില്‍ കൂടുതല്‍ ട്വിറ്റര്‍ അക്കൗണ്ടുകളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു ട്വീറ്റ്. 

സത്യം മൂടിവെക്കാനല്ലാതെ ബിജെപിക്ക് സത്യം നടപ്പാക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങളിലൂടെ ശ്രദ്ധ തിരിക്കുന്നതിന്  പകരം നമുക്ക് റാഫേല്‍ ഇടപാടിനെ കുറിച്ചും ദോക്‌ലാം വിഷയത്തെ കുറിച്ചും സംസാരിക്കാമെന്നും രമ്യ ട്വീറ്റിലൂടെ പരിഹസിച്ചു.