അഞ്ചു നിലകളില്‍ ബിജെപിക്ക് അത്യാധുനിക ആസ്ഥാന മന്ദിരം; പുതിയ പാര്‍ട്ടി ഓഫിസിന്റെ ഉദ്ഘാടനം 18ന് 

ഈ മാസം പതിനെട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗിലെ പാര്‍ട്ടി ഓഫിസ് ഉദ്ഘാടനം ചെയ്യും
അഞ്ചു നിലകളില്‍ ബിജെപിക്ക് അത്യാധുനിക ആസ്ഥാന മന്ദിരം; പുതിയ പാര്‍ട്ടി ഓഫിസിന്റെ ഉദ്ഘാടനം 18ന് 

ന്യൂഡല്‍ഹി: അഞ്ചു നിലയില്‍ അത്യാധുനിക സൗകര്യങ്ങളോടെ ബിജെപിയുടെ പുതിയ പാര്‍ട്ടി ആസ്ഥാനം ഒരുങ്ങുന്നു. ഈ മാസം പതിനെട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗിലെ പാര്‍ട്ടി ഓഫിസ് ഉദ്ഘാടനം ചെയ്യും.

കേന്ദ്രഭരണത്തിലെത്തി നാലു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് പാര്‍ട്ടിയുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. ഒന്നര വര്‍ഷം കൊണ്ട്, റെക്കോഡ് സമയത്തലാണ് മന്ദിരത്തിന്റെ പണി പൂര്‍ത്തിയായത്.

ബേസ്‌മെന്റില്‍ പാര്‍ക്കിങ് സൗകര്യവും വലിയ സമ്മേളന ഹാളും ഭാരവാഹികള്‍ക്കു പ്രത്യേക മുറികളും ലൈബ്രറിയും ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളാണ് പുതിയ ആസ്ഥാനത്തുളളത്. പാര്‍ട്ടിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ക്കായി ആധുനിക സൗകര്യങ്ങളുള്ള കോണ്‍ഫറന്‍സ് ഹാളും ആസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. ഡിജിറ്റര്‍ ഓപ്പറേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് ഉള്‍പ്പെടെയുള്ള ചില മുറികളിലേക്ക് മറ്റുള്ളവര്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. പാര്‍ട്ടി ചിഹ്നമായ താമര തീം ആക്കിയാണ് മ്ന്ദിരം നിര്‍മിച്ചിട്ടുള്ളത്. 

പാര്‍ട്ടി സ്വന്തമായി നിര്‍മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം വന്‍ ആഘോഷത്തോടെ നടത്താനുള്ള തയാറെടുപ്പിലാണ് ബിജെപി. 2016 ഓഗസ്റ്റ് പതിനെട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. അതിനും ഒരു വര്‍ഷം മുമ്പാണ് ഓള്‍ഡ് ഡല്‍ഹി റോഡിലെ രഞ്ജിത് സിങ് ഫ്‌ളൈ ഓവറിനു സമീപമുള്ള സ്ഥലത്ത് ഓഫിസ് പണിയാന്‍ നഗരവികസന മന്ത്രാലയം അനുമതി നല്‍കിയത്.

പാര്‍ട്ടിക്ക് ആസ്ഥാന മന്ദിരം പണിയുന്നതിന് സ്ഥലം അനുവദിക്കാന്‍ 2002ലും 2006ലും ബിജെപി കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. പാര്‍ട്ടി അധികാരത്തിലെത്തിയതിനു ശേഷം 2015ലാണ് ഈ അപേക്ഷ അംഗീകരിക്കപ്പെട്ടത്. 

പാര്‍ലെന്റിലെ അംഗബലം അനുസരിച്ചാണ് കേന്ദ്ര നഗരവികസന മന്ത്രാലയം പാര്‍ട്ടികള്‍ക്ക് ഓഫിസ് പണിയാന്‍ സ്ഥലം അനുവദിക്കുന്നത്. ഇരുസഭകളിലുമായി നൂറിനും ഇരുന്നൂറിനും ഇടയില്‍ അംഗങ്ങളുള്ള പാര്‍ട്ടിക്ക് രണ്ടേക്കറാണ് ലഭിക്കുക. ഇരുന്നൂറ് അംഗങ്ങള്‍ക്കു മുകളിലുണ്ടെങ്കില്‍ നാലേക്കര്‍ ലഭിക്കും. നിലവില്‍ ഇരുസഭകളിലും ചേര്‍ന്ന് ബിജെപിക്ക് 327 അംഗങ്ങളാണുള്ളത്. 

നിലവില്‍ അശോകാ റോഡിലെ പതിനൊന്നാം നമ്പര്‍ ബില്‍ഡിങ്ങിലാണ് ബിജെപിയുടെ കേന്ദ്ര ആസ്ഥാനം. പുതിയ ആസ്ഥാനത്തേക്കു മാറിക്കഴിഞ്ഞാല്‍ അശോകാ റോഡിലെ ഓഫിസ് പാര്‍ട്ടി കേന്ദ്ര പൊതുമരാമത്തു വകുപ്പിനു തിരിച്ചുനല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com