മന്ത്രിയായി, എംഎല്‍എയാകാന്‍ വിസമ്മതിച്ച്  കോലി സമുദായ നേതാവ് ; ഗുജറാത്തില്‍ ബിജെപിയുടെ തലവേദന ഒഴിയുന്നില്ല

നേരിയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ വിജയ് രൂപാണിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് ഭരിക്കുന്ന ബിജെപിയുടെ തലവേദന ഒഴിയുന്നില്ല.
മന്ത്രിയായി, എംഎല്‍എയാകാന്‍ വിസമ്മതിച്ച്  കോലി സമുദായ നേതാവ് ; ഗുജറാത്തില്‍ ബിജെപിയുടെ തലവേദന ഒഴിയുന്നില്ല

അഹമ്മദാബാദ്: നേരിയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ വിജയ് രൂപാണിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് ഭരിക്കുന്ന ബിജെപിയുടെ തലവേദന ഒഴിയുന്നില്ല. മന്ത്രിസ്ഥാനത്തെ ചൊല്ലി പാളയത്തില്‍ പട നയിച്ച നിതിന്‍ പട്ടേലിനെ അനുനയിപ്പിച്ചതിന് പിന്നാലെ മറ്റൊരു മന്ത്രിയും വിമതസ്വരം ഉയര്‍ത്തുകയാണ്. കോലി സമൂദായ നേതാവും ബിജെപി എംഎല്‍എയുമായ പുര്‍ഷോത്തം സോളങ്കി രണ്ടാം തവണയും എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ചു. ഇത് സംസ്ഥാനത്തെ ബിജെപി കേന്ദ്രങ്ങളില്‍ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

ഡിസംബറില്‍ വിജയ് രൂപാണി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോള്‍ പുരുഷോത്തം സോളങ്കിയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് നല്‍കിയത്.  മന്ത്രിസഭയില്‍ അര്‍ഹിച്ച പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ പ്രക്ഷോഭം നടത്തിയ നിതിന്‍ പട്ടേലിന് പിന്നാലെ പുര്‍ഷോത്തം സോളങ്കിയുടെ വിമതസ്വരവും നേതൃതലത്തില്‍ പ്രതിധ്വനിച്ചു. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ മന്ത്രിസഭയില്‍ അര്‍ഹിച്ച പരിഗണന നല്‍കണമെന്നത് തന്നെയായിരുന്നു സോളങ്കിയുടെയും ആവശ്യം.തുടര്‍ന്ന് നിതിന്‍ പട്ടേലിന് സമാനമായി പുര്‍ഷോത്തം സോളങ്കിയെയും അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമം നടത്തി. നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ശേഷം സോളങ്കിയുടെ പരാതി പരിഗണിക്കാമെന്ന് വിജയ് രൂപാണി ഉറപ്പുനല്‍കിയെന്ന് സോളങ്കി തന്നെ വെളിപ്പെടുത്തി. ജനുവരിയിലാണ് മുഖ്യമന്ത്രിയും സോളങ്കിയുമായുളള കൂടിക്കാഴ്ച നടന്നത്. 

എന്നാല്‍ കഴിഞ്ഞ മാസം ഒരു മന്ത്രിസഭാ യോഗത്തില്‍ പോലും പങ്കെടുക്കാതെ സോളങ്കിയുടെ പ്രതിഷേധം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച രണ്ടാം തവണയും എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പ്രമുഖ കോലി നേതാവ് തയ്യാറാകാത്തിരുന്നത് അപായ സൂചനയായി നേതൃത്വം വിലയിരുത്തുന്നു. 

മൂന്ന്് തവണ ഭാവ്‌നഗര്‍ റൂറല്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട സോളങ്കി, മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ രണ്ട് തവണ ഫിഷറീസ് മന്ത്രിയായിരുന്നു. ഗുജറാത്ത് ജനസംഖ്യയുടെ 20 ശതമാനം വരുന്ന കോലി സമുദായത്തെയാണ് സോളങ്കി പ്രതിനിധീകരിക്കുന്നത്. 182 അംഗ ഗുജറാത്ത് നിയമസഭയില്‍ എട്ടുസീറ്റുകളുടെ കേവല ഭൂരിപക്ഷത്തിലാണ് ബിജെപി ഭരണം നടത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com